ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന; ദുബൈ വിമാനത്താവളത്തിൽ നൂതന സംവിധാനം പരീക്ഷിക്കുന്നു

സാങ്കേതികവിദ്യയുടെ പരീക്ഷണത്തോടൊപ്പം ഭിന്നശേഷിക്കാരായ യാത്രക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്

ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന; ദുബൈ വിമാനത്താവളത്തിൽ നൂതന സംവിധാനം പരീക്ഷിക്കുന്നു

ദുബൈ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിൽ തടസ്സങ്ങളില്ലാതെ സഞ്ചരിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യ പരീക്ഷിച്ച് ദുബൈ രാജ്യാന്തര വിമാനത്താവളം. വിമാനത്താവള സേവന മേഖലയിലെ പ്രമുഖരായ ഡനാറ്റയാണ് സ്വയം നിയന്ത്രിത സാങ്കേതിക സംവിധാനത്തിന്റെ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. യാത്രക്കാരുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഒരുപോലെ മികച്ച യാത്രാനുഭവം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സാങ്കേതികവിദ്യയുടെ പരീക്ഷണത്തോടൊപ്പം ഭിന്നശേഷിക്കാരായ യാത്രക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. യാത്രക്കാരുടെ എണ്ണം, സേവനങ്ങളുടെ ആവശ്യകത, പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ തുടർച്ചയായി വിലയിരുത്തി ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെയും സഹായസൗകര്യങ്ങളെയും വിന്യസിക്കാനാണ് അധികൃതരുടെ തീരുമാനം. ദുബൈ എയർപോർട്ട് അധികൃതരുമായി ചേർന്നാണ് ഡനാറ്റ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം നടന്ന പ്രദർശനത്തിലാണ് ഡനാറ്റ പുറത്തുവിട്ടത്. ഭിന്നശേഷിക്കാർക്ക് വിമാനത്താവളത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കൂടുതൽ സ്വതന്ത്രമായും സൗകര്യപ്രദമായും കടന്നുപോകാൻ കഴിയുന്ന സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡനാറ്റയുടെ ആക്‌സസിബിൾ ട്രാവൽ മാനേജർ മോസ സലീദ് അൽ മാഹി പറഞ്ഞു. സാങ്കേതികവിദ്യയും മെച്ചപ്പെട്ട സേവന ആസൂത്രണവും സംയോജിപ്പിച്ച് വിമാനത്താവള യാത്ര കൂടുതൽ എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കാനാണ് ശ്രമം.