151 നിയമലംഘനങ്ങൾ, നിരവധി പേർ പിടിയിൽ; കുവൈത്തിൽ പരിശോധന തുടരും

പരിശോധനയ്ക്കിടെ രേഖകളില്ലാതെ കണ്ടെത്തിയ 43 പേരെയും അറസ്റ്റ് വാറന്റുള്ള 20 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. കാലാവധി കഴിഞ്ഞ താമസരേഖയുമായി കഴിഞ്ഞിരുന്ന 12 പേരും അഞ്ച് വഴിയോര കച്ചവടക്കാരും പിടിയിലായി

151 നിയമലംഘനങ്ങൾ, നിരവധി പേർ പിടിയിൽ; കുവൈത്തിൽ പരിശോധന തുടരും

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായി കുവൈത്തിലെ സാദ് അൽ അബ്ദുള്ള മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 151 കേസുകളും നിയമലംഘനങ്ങളും കണ്ടെത്തി. ജഹ്റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയമാണ് പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ രേഖകളില്ലാതെ കണ്ടെത്തിയ 43 പേരെയും അറസ്റ്റ് വാറന്റുള്ള 20 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. കാലാവധി കഴിഞ്ഞ താമസരേഖയുമായി കഴിഞ്ഞിരുന്ന 12 പേരും അഞ്ച് വഴിയോര കച്ചവടക്കാരും പിടിയിലായി. കൂടാതെ മദ്യവുമായി ബന്ധപ്പെട്ട രണ്ട് കേസുകളും മയക്കുമരുന്ന് കൈവശംവെച്ച ഒരാളെയും ക്രിമിനൽ കേസിൽ ആവശ്യപ്പെട്ടിരുന്ന മറ്റൊരാളെയും കണ്ടെത്തി.

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 61 കേസുകളും രജിസ്റ്റർ ചെയ്തു. മൂന്ന് മൊബൈൽ വിൽപ്പന കേന്ദ്രങ്ങളും ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യമായ രണ്ട് വാഹനങ്ങളും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു.

കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമാനുസൃതമായ നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിയമലംഘനങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനുമായി ഇത്തരം സുരക്ഷാ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.