ഫുട്ബോൾ കളിക്കാനായി വീട്ടിൽനിന്നിറങ്ങി; കരുനാഗപ്പള്ളിയിൽ 12കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ കളിക്കാനായി വീട്ടിൽനിന്ന് സൈക്കിളിൽ പുറപ്പെട്ട ബിലാൽ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിളും ജഴ്‌സിയും വീടിന് സമീപത്തെ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിനെയാണ് കൊതുമുക്ക് പാലത്തിന് അടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വയസായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ കളിക്കാനായി വീട്ടിൽനിന്ന് സൈക്കിളിൽ പുറപ്പെട്ട ബിലാൽ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിളും ജഴ്‌സിയും വീടിന് സമീപത്തെ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ കുട്ടി കായലിൽ വീണിരിക്കാമെന്ന സംശയത്തിൽ തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പകലും വിവിധ സംഘങ്ങൾ ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ബിലാലിനെ കണ്ടെത്താനായില്ല. കരുനാഗപ്പള്ളി അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കൊല്ലത്തുനിന്നുള്ള സ്‌കൂബാ സംഘവും മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെയാണ് ഫയർഫോഴ്‌സ് സ്‌കൂബാ സംഘം കൊതുമുക്ക് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പടനായർകുളങ്ങര വെൽഫെയർ യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ബിലാൽ.
Comments ()