ഡിസ്ചാര്‍ജ് ചെയ്തിട്ടും കൊണ്ടുപോകാന്‍ ആളില്ല; വയോധികയുടെ സംരക്ഷണം മക്കള്‍ ഏറ്റെടുക്കണമെന്ന് ഉത്തരവ്, 50 ലക്ഷം തിരിച്ചടക്കണം
ആശുപത്രി അധികൃതർ കളക്ടർക്കും ടൗൺപോലീസിനും പരാതിനൽകുകയായിരുന്നു.
കോഴിക്കോട്: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാൻ ആളില്ലാതെ വയോധിക സ്വകാര്യ ആശുപത്രിയിൽ കഴിയേണ്ടിവന്ന സംഭവത്തിൽ, അമ്മയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഉത്തരവിട്ടു. വലതുപാദത്തിലെ മുറിവ് പുഴുവരിച്ച നിലയിൽ കഴിഞ്ഞ ഒക്ടോബർ 12-നാണ് കൊയിലാണ്ടി ആനക്കുളം സ്വദേശിയായ എഴുപതുകാരി ശോഭയെ മകൻ ശ്രീജിത്ത് കോഴിക്കോട് പി.വി.എസ്. സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ഒക്ടോബർ 24-ന് ഇവരെ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും മക്കളോ മാനേജരോ കൊണ്ടുപോകാൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് ആശുപത്രി അധികൃതർ കളക്ടർക്കും ടൗൺ പോലീസിനും പരാതി നൽകുകയായിരുന്നു. വിഷയം കളക്ടറേറ്റിലെയും സാമൂഹികനീതി വകുപ്പിലെയും ഉദ്യോഗസ്ഥരും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ഇടപെട്ടതോടെ നവംബർ മൂന്നിനാണ് മകനും മാനേജരും ചേർന്ന് ശോഭയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
മാനേജർ എന്ന് വിളിക്കുന്ന സുരേഷ് ബാബു, ശോഭയുടെ പേരിലുള്ള ഭൂമി വിറ്റതായും ഈ തുക ഇയാൾ കൈമാറിയിട്ടില്ലെന്നും അതോറിറ്റി നേരത്തേ കണ്ടെത്തിയിരുന്നു. തുടർന്ന് ഭൂമി വിറ്റ വകയിലുള്ള 50 ലക്ഷം രൂപ ശോഭയുടെയും മൂന്നു മക്കളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാനും അതോറിറ്റി ഉത്തരവിട്ടു.
തിങ്കളാഴ്ച നടന്ന ഹിയറിങ്ങിൽ ശോഭയുടെ മക്കളായ ശ്രീജിത്ത്, സ്വപ്ന, മാനേജർ സുരേഷ് ബാബു, ചേമഞ്ചേരി വില്ലേജ് ഓഫീസർ, ചേവായൂർ പോലീസ് എസ്.എച്ച്.ഒ., ടൗൺ പോലീസ് എസ്.എച്ച്.ഒ. എന്നിവർ നേരിട്ട് ഹാജരായി. വിദേശത്തുള്ള മറ്റൊരു മകൻ രഞ്ജിത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് ഹിയറിങ്ങിൽ പങ്കെടുത്തത്. ശോഭ നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Comments ()