സൗദിയിൽ വിനോദ പരിപാടികൾക്ക് ലൈസൻസ് നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ കനത്ത പിഴ

പുതിയ നിയമപ്രകാരം ലൈസന്‍സ്, പെര്‍മിറ്റ്, അല്ലെങ്കില്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ സൗദിയില്‍ ഒരു തരത്തിലുള്ള വിനോദ പരിപാടികളും നടത്താന്‍ അനുവാദമുണ്ടാകില്ല.

സൗദിയിൽ വിനോദ പരിപാടികൾക്ക് ലൈസൻസ് നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ കനത്ത പിഴ

റിയാദ്: സൗദി അറേബ്യയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വിവിധ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ജനറല്‍ അതോറിറ്റി ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കി. രാജ്യത്തെ വിനോദ മേഖലയുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പുതിയ 'വിനോദ പ്രവര്‍ത്തന നിയമ'ത്തിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം. വിനോദ മേഖലയെ കൂടുതല്‍ വ്യവസ്ഥാപിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിയമപ്രകാരം ലൈസന്‍സ്, പെര്‍മിറ്റ്, അല്ലെങ്കില്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ സൗദിയില്‍ ഒരു തരത്തിലുള്ള വിനോദ പരിപാടികളും നടത്താന്‍ അനുവാദമുണ്ടാകില്ല. ലൈവ് ഷോകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ നിബന്ധന ബാധകമാണ്. എന്നാല്‍, പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്വകാര്യ ചടങ്ങുകളെയും പ്രത്യേക ഷോകളെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാണികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ നിയമലംഘനം നടത്തുകയോ ചെയ്യുന്ന വിനോദ പരിപാടികള്‍ താല്‍ക്കാലികമായോ സ്ഥിരമായോ നിര്‍ത്തിവെക്കാന്‍ അതോറിറ്റിക്ക് പൂര്‍ണ്ണ അധികാരമുണ്ട്. കൂടാതെ, വിനോദ പരിപാടികളുടെ ടിക്കറ്റ് നിരക്കിന്റെ പരമാവധി 10 ശതമാനം വരെ ഫീസായി ഈടാക്കാനും അതോറിറ്റിക്ക് നിയമപരമായ അവകാശമുണ്ട്.