ലൈഫ് മിഷൻ വീട്ടുനമ്പർ വൈകി, ധനസഹായം മുടങ്ങി; മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യനെ (72) ആണ് വീടിന് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്

ലൈഫ് മിഷൻ വീട്ടുനമ്പർ വൈകി, ധനസഹായം മുടങ്ങി; മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

അരൂർ: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന് തദ്ദേശസ്ഥാപനത്തിന്റെ നമ്പർ ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്ന വയോധിക മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യനെ (72) ആണ് വീടിന് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവം ഇന്നലെ ഉച്ചയോടെയായിരുന്നു.

തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലത്തായതിനാൽ പുതുതായി നിർമിച്ച വീടിന് പഞ്ചായത്ത് നമ്പർ അനുവദിക്കുന്ന നടപടികൾ വൈകിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഇതുമൂലം ലൈഫ് മിഷൻ പദ്ധതിയുടെ അവസാന ഗഡു ധനസഹായം ലഭിക്കാതെ വന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് വിവരം.

വീട് നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ തുക കണ്ടെത്താൻ കടം വാങ്ങേണ്ടി വന്നതും, സാമ്പത്തിക ബാധ്യതകൾ വർധിച്ചതും സുബ്രമണ്യനെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇതിനൊപ്പം വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും ഭാര്യയ്ക്ക് അടുത്തിടെ ഉണ്ടായ അപകടവും അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ കൂടുതൽ ബാധിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.