ന്യൂനമർദത്തിന്റെ സ്വാധീനം, ഇന്നും കനത്ത മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്

ന്യൂനമർദത്തിന്റെ സ്വാധീനം, ഇന്നും കനത്ത മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതും തെക്കുകിഴക്കൻ രാജസ്ഥാനിന് മുകളിലെ ശക്തമായ ന്യൂനമർദ്ദവുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം. ഈ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദുർബലമാകാനാണ് സാധ്യത.

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും, ഞായറാഴ്ചയും ബുധനാഴ്ചയും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കടൽക്ഷോഭ സാധ്യതയും ഉയർന്നിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വളപ്പട്ടണം മുതൽ ന്യൂമാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ മൂന്ന് മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.