കേന്ദ്ര തീരുമാനത്തിൽ ആശ്വാസം: ഗ്രാമീണ മേഖലയിലും എൽപിജി ബുക്കിങ് ഇടവേള 25 ദിവസമാക്കി കുറച്ചു

വിതരണ സാഹചര്യം മെച്ചപ്പെട്ടതിനൊപ്പം റീഫില്ലിംഗിലെ കാലതാമസം കുറയുകയും ചെയ്തതോടെയാണ് ക്രമീകരണത്തില്‍ പരിഷ്‌കരണം ഉണ്ടായത്

കേന്ദ്ര തീരുമാനത്തിൽ ആശ്വാസം: ഗ്രാമീണ മേഖലയിലും എൽപിജി ബുക്കിങ് ഇടവേള 25 ദിവസമാക്കി കുറച്ചു

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ് ഇടവേളയിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സമയപരിധി 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഒരു ബുക്കിങ് കഴിഞ്ഞ് 25 ദിവസം പൂർത്തിയായാൽ അടുത്ത റീഫിൽ ബുക്ക് ചെയ്യാം.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണം തടസ്സപ്പെടാതിരിക്കാനാണ് കഴിഞ്ഞ മാർച്ചിൽ പെട്രോളിയം മന്ത്രാലയം നിയന്ത്രണം കൊണ്ടുവന്നത്. അന്ന് നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലയിൽ 45 ദിവസവുമാണ് ഇടവേള നിശ്ചയിച്ചിരുന്നത്.

നിലവിൽ രാജ്യത്ത് എൽപിജി വിതരണ പ്രതിസന്ധി ഒഴിഞ്ഞതിനൊപ്പം സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിലെ കാലതാമസം കുറയുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത്. നഗരമേഖലകളിൽ നിലവിലുള്ള 25 ദിവസത്തെ ഇടവേള മാറ്റമില്ലാതെ തുടരും. വിതരണ സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ പുതിയ ഇളവ് ലക്ഷക്കണക്കിന് ഗ്രാമീണ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.