ചികിത്സയ്ക്ക് ഇനി സമയപരിധിയില്ല! സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം
സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും
സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന വൻ പരിഷ്കാരത്തിനൊരുങ്ങി സർക്കാർ. സാധാരണ ഒപി സമയത്തിനു ശേഷവും രാത്രിയിലുമെല്ലാം സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലെ വിദഗ്ധ സേവനം ഇനിമുതൽ ആശുപത്രികളിൽ ലഭ്യമായിരിക്കും. രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ ഒഴിവാക്കുന്നതിനുമായി ആവിഷ്കരിച്ച ഈ പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ഷിനു കെ. എസിനെ ചുമതലപ്പെടുത്തി.
നിലവിലുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി, ആദ്യഘട്ടത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആരംഭിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം ഇത് പൂർണ്ണമായി പ്രാബല്യത്തിൽ വരുത്തും. കൂടാതെ, പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബ് സൗകര്യവും ഉടൻ സജ്ജമാക്കും.
Comments ()