സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി യാത്ര; കാറിടിച്ച് 68കാരിക്ക് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ 10.20ഓടെയാണ് അത്താണി–വിമാനത്താവളം റോഡിലെ സുവർണോദ്യാനം ഭാഗത്ത് അപകടമുണ്ടായത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വത്സലയെ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി യാത്ര; കാറിടിച്ച് 68കാരിക്ക് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സല (68) ആണ് മരിച്ചത്. അപകടത്തിൽ ശശിക്ക് നിസ്സാര പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 10.20ഓടെയാണ് അത്താണി–വിമാനത്താവളം റോഡിലെ സുവർണോദ്യാനം ഭാഗത്ത് അപകടമുണ്ടായത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വത്സലയെ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വത്സലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ദേശം സിഎ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനാൽ അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഓണത്തോടനുബന്ധിച്ച് സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടി നൽകുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൂഴൂരിലെ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയിൽ ജീവനക്കാരിയായിരുന്നു വത്സല. എസ്എൻഡിപി യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറി കെ.എൻ. ദിവാകരന്റെ സഹോദരിയാണ്.

മക്കൾ: ശരണ്യ, ശില്പ. മരുമക്കൾ: മനു, അഭിലാഷ്. മൃതദേഹം തിങ്കളാഴ്ച രാവിലെ അങ്കമാലി ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.