ശബരിമലയിൽ വൻ ഡിജിറ്റൽ പരിഷ്കാരം; തിരക്ക് നിയന്ത്രണത്തിനും സേവനങ്ങൾ വേഗത്തിലാക്കാനും പുതിയ പദ്ധതി

സന്നിധാനത്തെ തിരക്കിന്റെ അടിസ്ഥാനത്തിൽ തീർഥാടകർക്ക് യാത്ര വൈകിപ്പിക്കാൻ മൊബൈൽ സന്ദേശം അയയ്ക്കുന്ന സംവിധാനം, ഓൺലൈനായി പണമടച്ച് ക്യുആർ കോഡ് ഉപയോഗിച്ച് പ്രസാദം കൈപ്പറ്റാനുള്ള സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമാണ്

ശബരിമലയിൽ വൻ ഡിജിറ്റൽ പരിഷ്കാരം; തിരക്ക് നിയന്ത്രണത്തിനും സേവനങ്ങൾ വേഗത്തിലാക്കാനും പുതിയ പദ്ധതി

കൊച്ചി: ശബരിമലയിലെ തീർഥാടകരുടെ യാത്രയും ദർശനവും കൂടുതൽ സുഗമമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമഗ്ര ഡിജിറ്റൽ നവീകരണ പദ്ധതിക്ക് തുടക്കമിട്ടു. സന്നിധാനത്തെ തിരക്കിന്റെ അടിസ്ഥാനത്തിൽ തീർഥാടകർക്ക് യാത്ര വൈകിപ്പിക്കാൻ മൊബൈൽ സന്ദേശം അയയ്ക്കുന്ന സംവിധാനം, ഓൺലൈനായി പണമടച്ച് ക്യുആർ കോഡ് ഉപയോഗിച്ച് പ്രസാദം കൈപ്പറ്റാനുള്ള സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമാണ്. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ ശബരിമലയ്ക്കാണ് മുൻഗണന നൽകുക. താമസ ബുക്കിങ്, വഴിപാടുകൾ, പ്രസാദ വിതരണം, ഡിജിറ്റൽ പേയ്മെന്റുകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കും. അരവണയും അപ്പവും വേഗത്തിൽ വിതരണം ചെയ്യാൻ എടിഎം മാതൃകയിലുള്ള ഓട്ടോമേറ്റഡ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. തീർഥാടകരുടെ യാത്ര കാര്യക്ഷമമായി നിയന്ത്രിച്ച് തിരക്കും ഗതാഗതക്കുരുക്കും കുറയ്ക്കുകയാണ് ലക്ഷ്യം.

ശബരിമലയ്ക്ക് പുറമെ ദേവസ്വം ബോർഡിന് കീഴിലുള്ള 1,250-ഓളം സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ, പർച്ചേസ്, സ്റ്റോക്ക് മാനേജ്മെന്റ്, ലേല നടപടികൾ, ജീവനക്കാരുടെ വിവരങ്ങൾ എന്നിവയും ഡിജിറ്റലൈസ് ചെയ്യും. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് 24 മാസമാണ് ലക്ഷ്യമിട്ടിരിക്കുന്ന കാലാവധി. ആദ്യ വർഷം 33.25 കോടി രൂപയും ആകെ 70 കോടി രൂപയുമാണ് പദ്ധതിച്ചെലവ്. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുമ്പായി പ്രധാന ഡിജിറ്റൽ സേവനങ്ങൾ പ്രവർത്തനസജ്ജമാക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.