ഭാര്യ മരിച്ചു, മൃതദേഹം ഏറ്റുവാങ്ങിയതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി, പ്രവാസി ദമ്പതികളുടെ വിയോഗത്തില്‍ നടുങ്ങി നാട്
മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ലിധിയ, റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 20-നാണ് അന്തരിച്ചത്.
റിയാദ്: കഴിഞ്ഞ ദിവസമാണ് പ്രവാസി മലയാളികളെ കണ്ണീരണിയിച്ച് മലയാളി ദമ്പതികളുടെ മരണ വിവരം നാം കേട്ടത്. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആശാരിപ്പറമ്പില്‍ ലിധിയ തോമസ് (31), കോട്ടയം കടയനിക്കാട് ഒലിക്കുന്നേല്‍ ആല്‍ബിന്‍ തോമസ് (33) എന്നിവരാണ് മരിച്ചത്. റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ സ്റ്റാഫ് നഴ്സായിരുന്നു ലിധിയ. ആല്‍ബിന്‍ റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ലിധിയ, റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 20-നാണ് അന്തരിച്ചത്. അന്ന് രാവിലെ ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം, ശുമൈസിയിലെ സ്വന്തം ഫ്‌ലാറ്റില്‍ തിരിച്ചെത്തിയ ആല്‍ബിന്‍ അന്ന് ഉച്ചയോടെ ജീവനൊടുക്കുകയായിരുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍, ദമ്പതികള്‍ അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രവാസലോകത്തെ നടുക്കിയ ഈ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്.
നിലവില്‍ ശുമൈസി കിങ് സഊദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സാമൂഹിക പ്രവര്‍ത്തകരായ മാത്യു ജോസഫ്, നാസര്‍ കല്ലറ, ഷാജഹാന്‍ താജ് കോള്‍ഡ് സ്റ്റോര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. ആല്‍ബിന്റെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 7.15-നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്ന് കൊണ്ടുപോകും. ഇത് രാത്രി 10.20-ഓടെ നെടുമ്പാശ്ശേരിയിലെത്തിക്കും. ലിധിയയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ 11-ന് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുക. വൈകീട്ട് 6.30-ന് മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിക്കും.
ലിധിയ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയാണ്. രണ്ട് വര്‍ഷം മുമ്പാണ് ആല്‍ബിന്‍ റിയാദിലെത്തിയത്. ദമ്പതികള്‍ക്ക് സാറ ആല്‍ബിന്‍ (6) എന്നൊരു മകളുണ്ട്. കുട്ടി നിലവില്‍ നാട്ടില്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
Comments ()