ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണി തുറന്നു; ബുറൈദയിൽ വ്യാപാരോത്സവം തുടങ്ങി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും വ്യാപാരികളും വിദേശ ഇറക്കുമതിക്കാരും വൻതോതിൽ പങ്കെടുക്കുന്ന മേള ഒക്ടോബർ മധ്യത്തോടെ സമാപിക്കും
റിയാദ്: സൗദി അറേബ്യയുടെ കാർഷിക-വ്യാപാര മേഖലയിൽ നിർണായക സ്ഥാനമുള്ള ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് ഔദ്യോഗിക തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയായി അറിയപ്പെടുന്ന ഈ മേള 75 ദിവസത്തേക്ക് നീണ്ടുനിൽക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും വ്യാപാരികളും വിദേശ ഇറക്കുമതിക്കാരും വൻതോതിൽ പങ്കെടുക്കുന്ന മേള ഒക്ടോബർ മധ്യത്തോടെ സമാപിക്കും.
ഖസീം പ്രവിശ്യയിലെ ബുറൈദ ഡേറ്റ് സിറ്റിയിലാണ് ഈന്തപ്പഴ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സൗദിയിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങൾ ഇവിടെ എത്തിച്ച് ലേലത്തിലൂടെയും നേരിട്ടുള്ള വിൽപ്പനയിലൂടെയും വിപണനം നടത്തുന്നു. ഓരോ ദിവസവും കോടിക്കണക്കിന് റിയാലിന്റെ ഇടപാടുകളാണ് മേളയിൽ നടക്കുന്നത്.
വ്യാപാരത്തിനപ്പുറം, ഖസീം മേഖലയിലെ കാർഷിക പാരമ്പര്യവും സംസ്കാരവും സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത കൃഷിരീതികൾ അവതരിപ്പിക്കുന്ന പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്കായി പ്രത്യേക വിനോദ പരിപാടികൾ എന്നിവയും മേളയുടെ ഭാഗമാണ്.
സൗദിയിൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്ന ഖസീം പ്രവിശ്യയിൽ ഏകദേശം 1.2 കോടി ഈന്തപ്പനകളുണ്ട്. പ്രതിവർഷം 5.87 ലക്ഷം ടൺ ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്ന ഈ മേഖല രാജ്യത്തിന്റെ കാർഷിക മേഖലയിലെ പ്രധാന ശക്തിയാണ്.
ഏകദേശം 320 കോടി റിയാലിന്റെ വാർഷിക വ്യാപാരമൂല്യമുള്ള ഈ മേള നാലായിരത്തിലധികം പേർക്ക് തൊഴിൽ സൃഷ്ടിക്കുന്നതോടൊപ്പം പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും സഹായിക്കുന്നു. എണ്ണേതര വരുമാന മേഖലകളെ ശക്തിപ്പെടുത്തുകയെന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദി സർക്കാർ ഈ മേളയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.
Comments ()