നാട്ടിലേക്ക് മടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

28 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹത്തിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുമായി കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

നാട്ടിലേക്ക് മടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കഴിഞ്ഞ മൂന്ന് മാസമായി റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി കാണ്ടക്കാട് വട്ടപ്പറമ്പ് സ്വദേശി അയ്യപ്പൻ ചൂണ്ടക്കാടൻ (59) അന്തരിച്ചു. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ മേയ് 12-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിന്റെയും ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ ചികിത്സയിൽ കഴിയുകയായിരുന്നു.

ഒരു മാസം മുൻപ് ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ഡോക്ടർമാർ യാത്രാനുമതി നിഷേധിക്കുകയാണുണ്ടായത്. ആശുപത്രിയിലായതു മുതൽ ഇദ്ദേഹത്തിന്റെ ചികിത്സാ വിവരങ്ങൾ നാട്ടിലെ കുടുംബത്തെ അറിയിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ 28 വർഷമായി പ്രവാസിയായ അയ്യപ്പൻ ഒന്നര വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയിവന്നത്. പരേതരായ ചാത്തന്റെയും കുഞ്ഞിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സ്നേഹ, മേഘ, അക്ഷയ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടിക്രമങ്ങളുമായി കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റിയാസ് ചിങ്ങത്ത്, പി.എം. ബഷീർ സിയാംകണ്ടം, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, ജുനൈദ് താനൂർ, ഷറഫു തേഞ്ഞിപ്പലം എന്നിവരും സുഹൃത്ത് നബീലും രംഗത്തുണ്ട്.