ജിദ്ദ വിമാനത്താവളത്തിൽ മലയാളി നഴ്സിനെ കാണാതായി: ദുരൂഹത തുടരുന്നു; ആശങ്കയിൽ കുടുംബം
കുടുംബം ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടിയിരിക്കുകയാണ്.
റിയാദില് നഴ്സായി ജോലി ചെയ്തുവരുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായതായി പരാതി. വയനാട് സുല്ത്താന് ബത്തേരിക്കടുത്ത് അയ്യങ്കൊല്ലി ആനന്ദ് നിവാസില് രവി - ശെല്വി ദമ്പതികളുടെ മകളായ ഫിലോമിനയെയാണ് (32) യാത്രാമധ്യേ കാണാതായത്. കഴിഞ്ഞ മൂന്ന് വര്ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. വാര്ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവില് നിന്നുള്ള വിമാനത്തിലാണ് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയില് നിന്നും കണക്ഷന് ഫ്ലൈറ്റ് വഴി റിയാദിലേക്ക് എത്താനായിരുന്നു പദ്ധതിയെങ്കിലും, വിമാനമിറങ്ങിയ ഉടന് രാത്രി എട്ടരയോടെ അവര് പിതാവിനും ഭര്ത്താവിനും അയച്ച ശബ്ദസന്ദേശമാണ് പിന്നീട് വലിയ ആശങ്കയ്ക്ക് കാരണമായത്.
ജിദ്ദ വിമാനത്താവളത്തില് ഉദ്യോഗസ്ഥര് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ് ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു ആ സന്ദേശത്തില് ഫിലോമിന പറഞ്ഞിരുന്നത്. എന്നാല് ഇതിനുശേഷം അവരുമായി ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്നും യാതൊരു വിവരവുമില്ലെന്നും കുടുംബാംഗങ്ങള് വ്യക്തമാക്കുന്നു.
റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവര്ത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് അറിയാന് കഴിഞ്ഞത്. ജിദ്ദ വിമാനത്താവളത്തില് വെച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചാല് അവരെ കണ്ടെത്താനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഈ പശ്ചാത്തലത്തില്, സംഭവവുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യന് എംബസിയുടെയും ജിദ്ദ കോണ്സുലേറ്റിന്റെയും ഒപ്പം സുമനസ്സുകളായ സാമൂഹിക പ്രവര്ത്തകരുടെയും ശ്രദ്ധയില് വിഷയം എത്തിച്ചിട്ടുണ്ട്. നിയമപരമായ പ്രശ്നങ്ങള് ഉള്പ്പെടെ തിരോധാനവുമായി ബന്ധപ്പെട്ട വിവിധ സാധ്യതകള് പരിശോധിച്ചുകൊണ്ട് ഫിലോമിനയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് നിലവില് ബന്ധപ്പെട്ടവരും സാമൂഹിക പ്രവര്ത്തകരും.
Comments ()