കേൾവിയുടെ ഓണസമ്മാനവുമായി മമ്മൂക്ക; കുഞ്ഞുസഹോദരങ്ങൾക്ക് ഇനി ശബ്ദങ്ങളുടെ പുതിയ ലോകം

'കാതോടു കാതോരം' പദ്ധതിയിലൂടെയാണ് ഇരുവര്‍ക്കും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയത്

കേൾവിയുടെ ഓണസമ്മാനവുമായി മമ്മൂക്ക; കുഞ്ഞുസഹോദരങ്ങൾക്ക് ഇനി ശബ്ദങ്ങളുടെ പുതിയ ലോകം

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളായ മിഖായേലിനും മിഹോക്കിനും ഈ ചിങ്ങപ്പിറവിയും ഓണക്കാലവും ജീവതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റേതാണ്. ജന്മനാ കേള്‍വിശക്തിയില്ലാതിരുന്ന ഈ കുഞ്ഞുസഹോദരങ്ങൾക്ക് ഇനി ശബ്ദങ്ങളുടെ ലോകത്തേക്ക് ചുവടുവെക്കാം. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന 'കാതോടു കാതോരം' പദ്ധതിയിലൂടെയാണ് ഇരുവർക്കും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഓണക്കോടിയ്ക്കൊപ്പം ഒരു റേഡിയോ കൂടി മമ്മൂട്ടി ഈ കുട്ടികൾക്കായി കൊടുത്തയച്ചിട്ടുണ്ട്. "മമ്മൂക്ക എന്റെ മക്കൾക്ക് നൽകിയ കേൾവിയാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനം" - കുട്ടികളെ കസവുമുണ്ടെടുപ്പിക്കുന്നതിനിടയിൽ അമ്മ ബോബിന വികാരഭരിതയായി പറഞ്ഞു.

മൂത്ത മകനായ മിഖായേലിന് രണ്ട് വയസുള്ളപ്പോഴാണ് കുടുംബം കേള്‍വി തകരാര്‍ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായയെ കണ്ട് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും മിഖായേല്‍ അത് അറിഞ്ഞതേയില്ല. ആദ്യം കാണിച്ച ആശുപത്രിയിൽ നാക്കിന്റെ പ്രശ്നമാണെന്നും പ്രായമാകുമ്പോൾ ശരിയാകുമെന്നും പറഞ്ഞ് സമാധാനിപ്പിച്ച് അയച്ചു. പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിൽ കാതിൽ വെയ്ക്കുന്ന ഉപകരണം നൽകിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. കേൾവിയെ സഹായിക്കുന്ന കോക്ലിയയിലെ കോശങ്ങൾക്കായിരുന്നു തകരാർ. ഇതിനിടയിലാണ് രണ്ടാമത്തെ മകനായ മിഹോക്കിനും സമാനമായ കേൾവി തകരാർ കണ്ടുതുടങ്ങിയത്.

ചെറിയ പ്രായത്തിൽ തന്നെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുന്നതാണ് ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചെങ്കിലും, ദിവസവേതനക്കാരനായ സോനുവിന് രണ്ടു മക്കളുടെയും ചികിത്സയ്ക്കായി ആവശ്യമായ 25 ലക്ഷത്തോളം രൂപ കണ്ടെത്തുക എന്നത് അസാധ്യമായിരുന്നു. സർക്കാരിന്റെ ധനസഹായ പദ്ധതിയിൽ പേര് നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് ബോബിന പത്രത്തിലൂടെ 'കാതോടു കാതോരം' പദ്ധതിയെക്കുറിച്ച് അറിയുന്നത്. വൈകാതെ തന്നെ കുടുംബത്തിന്റെ അവസ്ഥയും കുട്ടികളുടെ വിവരങ്ങളും വ്യക്തമാക്കി കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികള്‍ക്ക് അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് രാജഗിരി ആശുപത്രിയുടെ പിന്തുണയോടെ ഇരുവർക്കും ശസ്ത്രക്രിയ നടത്തുകയും കുഞ്ഞുങ്ങൾക്ക് കേൾവിശക്തി തിരിച്ചുകിട്ടുകയുമായിരുന്നു.