22 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ വധശ്രമക്കേസ് പ്രതി പിടിയിൽ

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ മുനീർ എന്നയാൾ വയനാട്ടിൽ വ്യാജ വിലാസത്തിൽ താമസിച്ചുവരികയായിരുന്നു.

22 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ വധശ്രമക്കേസ് പ്രതി പിടിയിൽ

മാനന്തവാടി: കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി 22 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മാനന്തവാടി പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി. കണ്ണൂര്‍ അലവില്‍ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീര്‍ (54) ആണ് പിടിയിലായത്.

2004 ജനുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കട പൂട്ടി 80,000 രൂപയുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ പുതിയകോട്ടയില്‍ വെച്ച് മുനീറും സംഘവും ആക്രമിച്ച് പണം കവരാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോയി. മുംബൈയിലടക്കം ഒളിവില്‍ കഴിഞ്ഞ ശേഷം 'ചാത്തോത്ത് മുനീര്‍, ആമിന മന്‍സില്‍, നല്ലൂര്‍നാട് പി.ഒ.' എന്ന വ്യാജ വിലാസത്തില്‍ വയനാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

പ്രതി വയനാട്ടിലുണ്ടെന്ന കാസര്‍ഗോഡ് എസ്.പിയുടെ രഹസ്യവിവരത്തെ തുടര്‍ന്ന്, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ റഫീക്കിന്റെ നിര്‍ദേശപ്രകാരം സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ, സി.എം. നിസാര്‍ എന്നിവര്‍ പ്രതി താമസിച്ചിരുന്ന വീടും പരിസരവും നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് എ.എസ്.ഐ. ശ്രീജിത്ത് കാവുങ്കല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. രാജേഷ് എന്നിവരടങ്ങിയ സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.