സൗദിയില്‍ വധശിക്ഷയില്‍ നിന്ന് സുമനസ്സുകള്‍ രക്ഷിച്ചു, ഇന്ന് തട്ടുകടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന, വലയിലാക്കി 'ഓപ്പറേഷന്‍ തൂഫാന്‍'
കണ്ണൂര്‍ കരിക്കോട്ടക്കരി വളയംകോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് (44) മെത്താംഫെറ്റമിന്‍ വില്‍പനയ്ക്കിടെ ഇരിട്ടി പൊലീസ് പിടികൂടിയത്.
കണ്ണൂര്‍: സൗദി അറേബ്യയില്‍ വധശിക്ഷയില്‍ നിന്ന് പ്രവാസി സമൂഹവും സുമനസ്സുകളും ചേര്‍ന്ന് ദിയാധനം (മോചനദ്രവ്യം) നല്‍കി രക്ഷപെടുത്തിയ മലയാളി നാട്ടില്‍ രാസലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കണ്ണൂര്‍ കരിക്കോട്ടക്കരി വളയംകോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് (44) മെത്താംഫെറ്റമിന്‍ വില്‍പനയ്ക്കിടെ ഇരിട്ടി പൊലീസ് പിടികൂടിയത്. ഒരു തട്ടുകടയുടെ മറവിലായിരുന്നു ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. കേരള പൊലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്, സംസ്ഥാനാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഫസലുദ്ദീന്‍ വലയിലായത്.
സൗദിയിലെ കേസിനാസ്പദമായ സംഭവം.. 2008 മേയില്‍ റിയാദിലാണ് കൊലപാതകം നടക്കുന്നത്. റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഫസലുദ്ദീനും കൂട്ടാളികളും ചേര്‍ന്ന്, ഒന്നിച്ച് താമസിച്ചിരുന്ന മംഗലാപുരം സ്വദേശി അഷറഫിനെ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച്, പ്ലാസ്റ്റിക് ബാഗുകളിലാക്കി പൊതുമാലിന്യ പെട്ടിയില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫസലുദ്ദീന്‍ ഉള്‍പ്പെടെയുള്ള നാല് മലയാളികളെ സൗദി മതകാര്യ പൊലീസ് കൈയോടെ പിടികൂടിയത്. തുടര്‍ന്ന് റിയാദിലെ സൗദി കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
പ്രതികളുടെ കുടുംബത്തിന്റെ കടുത്ത ദയനീയാവസ്ഥ കണക്കിലെടുത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്കയും ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പരേതനായ ശിവദാസന്‍, നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, മറ്റ് സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ കൊല്ലപ്പെട്ട അഷറഫിന്റെ പിതാവുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് 80 ലക്ഷം രൂപ ദിയാധനം (മോചനദ്രവ്യം) നല്‍കി മാപ്പ് ഉറപ്പാക്കിയത്.
Comments ()