മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു; വഴിമധ്യേ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം

ഇറക്കമിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് സണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു; വഴിമധ്യേ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം

കൊച്ചി: ഗള്‍ഫില്‍ നിന്നെത്തുന്ന മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പിതാവ് മരിച്ചു. കുര്യനാട് മുളയോലിക്കല്‍ സണ്ണി ജോണ്‍ (64) ആണ് ദാരുണമായി മരിച്ചത്. സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാനായാണ് സണ്ണിയുടെ മകള്‍ നാട്ടിലേക്ക് തിരിച്ചത്.

ഇന്നലെ ഉച്ചയോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു സണ്ണിയും കുടുംബവും പദ്ധതിയിട്ടിരുന്നത്. വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഭാര്യയ്ക്കും മകനുമൊപ്പം ആശുപത്രിയിലേക്ക് നടന്നു പോകവെ, ഇറക്കമിറങ്ങി വന്ന കാര്‍ നിയന്ത്രണം വിട്ട് സണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സമീപത്തെ മതിലിനു മുകളിലൂടെ ആശുപത്രി കോംപൗണ്ടിലേക്കു തെറിച്ചു വീണ ഇദ്ദേഹത്തിന് ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.