സൗദിയിൽ പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13,800ലധികം നിയമലംഘകർ

പിടികൂടിയവരിൽ 6,547 പേർ ഇഖാമ നിയമങ്ങൾ ലംഘിച്ചവരും 3,896 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ മറികടന്നവരുമാണ്. തൊഴിൽ നിയമങ്ങൾ ലംഘിച്ച 3,379 പേരെയും അധികൃതർ കണ്ടെത്തി. ഇതേ കാലയളവിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 2,021 പേരെ അറസ്റ്റ് ചെയ്തു

സൗദിയിൽ പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13,800ലധികം നിയമലംഘകർ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 13,822 കേസുകൾ കണ്ടെത്തി. ഒക്ടോബർ 8 മുതൽ 14 വരെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് കണക്കുകൾ പുറത്തുവിട്ടത്.

പിടികൂടിയവരിൽ 6,547 പേർ ഇഖാമ നിയമങ്ങൾ ലംഘിച്ചവരും 3,896 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ മറികടന്നവരുമാണ്. തൊഴിൽ നിയമങ്ങൾ ലംഘിച്ച 3,379 പേരെയും അധികൃതർ കണ്ടെത്തി. ഇതേ കാലയളവിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 2,021 പേരെ അറസ്റ്റ് ചെയ്തു. സൗദിയിൽനിന്ന് നിയമവിരുദ്ധമായി പുറത്തുകടക്കാൻ ശ്രമിച്ച 28 പേരും പിടിയിലായി. അനധികൃത താമസക്കാരെ കടത്താനും ഒളിവിൽ പാർപ്പിക്കാനും തൊഴിൽ നൽകാനും സഹായിച്ച 24 പേരെയും കസ്റ്റഡിയിലെടുത്തു.

നിലവിൽ 34,834 പ്രവാസികൾക്കെതിരെയാണ് നിയമനടപടികൾ പുരോഗമിക്കുന്നത്. ഇവരിൽ 32,433 പേർ പുരുഷന്മാരും 2,401 പേർ സ്ത്രീകളുമാണ്. യാത്രാരേഖകൾ ശരിയാക്കുന്നതിനായി 20,190 പേരോട് അതത് രാജ്യങ്ങളുടെ എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്. 6,509 പേർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കാനും നടപടിയെടുത്തു. ഇതിനകം 9,454 പേരെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

നിയമവിരുദ്ധമായി രാജ്യത്തേക്ക് ആളുകളെ കടത്തുകയോ അവർക്ക് താമസസൗകര്യം ഒരുക്കുകയോ യാത്രയ്ക്കും ജോലിക്കും സഹായം നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും നിയമലംഘകർക്ക് അഭയം നൽകാൻ ഉപയോഗിച്ച വസ്തുവകകളും കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരം അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും വിവരങ്ങൾ കൈമാറാം.