ഓണാശംസ നേർന്നതിന് പിന്നാലെ തർക്കം; മാവേലിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു, പരാതി

അവിട്ടം ദിനത്തിൽ വിവിധ സ്ഥാപനങ്ങളിൽ മാവേലി വേഷത്തിലെത്തി ഓണാശംസകൾ നേർന്നുവരികയായിരുന്നു ചന്ദ്രബാബു. ഇതിനിടെയാണ് പുള്ളിക്കണക്കിന് സമീപമുള്ള തട്ടുകടയിലെത്തിയത്

ഓണാശംസ നേർന്നതിന് പിന്നാലെ തർക്കം; മാവേലിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു, പരാതി

ആലപ്പുഴ: കായംകുളത്ത് ഓണാഘോഷത്തിനിടെ മാവേലി വേഷത്തിലെത്തിയ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബുവിന് പൊള്ളലേറ്റതായി പരാതി. തട്ടുകടയിൽ നടന്ന വാക്കുതർക്കത്തിനിടെ കടയുടമ ചൂടുള്ള എണ്ണ മുഖത്തേക്ക് ഒഴിച്ചെന്നാണ് ചന്ദ്രബാബുവിന്റെ ആരോപണം.

അവിട്ടം ദിനത്തിൽ വിവിധ സ്ഥാപനങ്ങളിൽ മാവേലി വേഷത്തിലെത്തി ഓണാശംസകൾ നേർന്നുവരികയായിരുന്നു ചന്ദ്രബാബു. ഇതിനിടെയാണ് പുള്ളിക്കണക്കിന് സമീപമുള്ള തട്ടുകടയിലെത്തിയത്. കടയിൽ നിന്ന് ചായ കുടിച്ച ശേഷം 'ഹാപ്പി ഓണം' ആശംസിച്ചതിന് പിന്നാലെ കടക്കാരനുമായി വാക്കുതർക്കമുണ്ടായെന്നാണ് പറയുന്നത്.

തർക്കം രൂക്ഷമായതോടെ പലഹാരം വറുക്കാനായി ഉപയോഗിച്ചിരുന്ന തിളച്ച എണ്ണ കടക്കാരൻ തന്റെ മുഖത്തേക്ക് ഒഴിച്ചെന്നാണ് ചന്ദ്രബാബുവിന്റെ പരാതി. മുഖത്തും കൈകളിലും പൊള്ളലേറ്റ അദ്ദേഹം ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ സമീപിച്ചു.

സംഭവസമയത്ത് ഓലക്കുട കൈയിലുണ്ടായിരുന്നതിനാൽ തലയിലേക്ക് എണ്ണ വീഴുന്നത് ഒഴിവായെന്നും ചന്ദ്രബാബു പറഞ്ഞു. സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.