മാപ്പിളപ്പാട്ട് ലോകത്തിന് തീരാനഷ്ടം; കലാകാരന്‍ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

രണ്ട് മാസത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായിരുന്നെങ്കിലും സംഗീതത്തോടുള്ള ബന്ധം അവസാന നാളുകളിലും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല

മാപ്പിളപ്പാട്ട് ലോകത്തിന് തീരാനഷ്ടം; കലാകാരന്‍ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

രണ്ട് മാസത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായിരുന്നെങ്കിലും സംഗീതത്തോടുള്ള ബന്ധം അവസാന നാളുകളിലും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുമ്പ് പോലും പുതിയൊരു ഗാനത്തിന് ഈണം നൽകിയിരുന്നു.

മാപ്പിളപ്പാട്ട് രംഗത്ത് മൂന്ന് പതിറ്റാണ്ടുകളിലേറെ സജീവമായിരുന്ന അബൂബക്കർ മൂവായിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പാടിയിട്ടുണ്ട്. യേശുദാസ് ആലപിച്ച 'കരയാനും പറയാനും മനംതുറന്നിരിക്കാനും', കെ.എസ്. ചിത്രയുടെ 'യത്തീമിനതാണീ' തുടങ്ങിയവ ശ്രദ്ധേയമായ ഗാനങ്ങളാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയവരും അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സംഗീതസംവിധായകൻ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അബൂബക്കർ സംഗീതലോകത്തേക്ക് എത്തുന്നത്. പിന്നീട് മാപ്പിളപ്പാട്ടിന്റെ മേഖലയിൽ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തുകയായിരുന്നു. ദേവരാജൻ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.

അബൂബക്കറിന്റെ സംഗീതജീവിതത്തെക്കുറിച്ചുള്ള 'ഈണങ്ങളുടെ സുൽത്താൻ' എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തെ അസുഖം കിടപ്പിലാക്കിയത്. സിനിമാ താരം മാമുക്കോയ അബൂബക്കറിന്റെ സഹപാഠിയായിരുന്നു.

ഭാര്യ കെ.വി. സുബൈദ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവരാണ് മക്കൾ.

മാപ്പിളപ്പാട്ടിന് ആയിരക്കണക്കിന് ഗാനങ്ങളും ശ്രദ്ധേയമായ ഈണങ്ങളും സമ്മാനിച്ച അബൂബക്കറിന്റെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമായത് ഒരു തലമുറയുടെ കലാകാരനെയാണ്.