മേതിൽ ദേവിക: പേടിയില്ലായ്മയല്ല, പേടിയെ മറികടക്കുന്ന കല.

മേതിൽ ദേവിക: പേടിയില്ലായ്മയല്ല, പേടിയെ മറികടക്കുന്ന കല.

‘‘മോഹിനിയാട്ടത്തിനുള്ളിൽ ഭയപ്പെടാതെ ചിന്തിക്കാനുള്ള ഒരു സ്വാതന്ത്ര്യസ്ഥലം കൂടി തുറക്കുകയാണ് മേതിൽ ദേവിക. ആ ഇടത്തുനിന്നാണ് പുതിയ ചോദ്യങ്ങളും പുതിയ ശരീരങ്ങളും പുതിയ ഭാഷകളും ജനിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ യാത്രയെ നോക്കുമ്പോൾ ഒടുവിൽ മനസ്സിൽ അവശേഷിക്കുന്നത് ഒരു നർത്തകിയുടെ പ്രതിഭയല്ല, മറിച്ച് ഒരു നിലപാടാണ്’’- മോഹിനിയാട്ടത്തിന്റെ സമകാലികചരിത്രത്തിൽ മേതിൽ ദേവിക നടത്തുന്ന ഇടപെടലുകളെക്കുറിച്ച് എഴുതുന്നു, നർത്തകിയും ഗവേഷകയുമായ ഡോ. അശ്വതി രാജൻ.
കടപ്പാട് : https://truecopythink.media/entertainment

‘‘പേടികൊണ്ട് നമ്മൾ ഓടിപ്പോകില്ല’’-
പുതിയതായി എന്തെങ്കിലും സൃഷ്ടിക്കണമെങ്കിൽ ആദ്യം നേരിടേണ്ടിവരുന്നത് വിമർശനങ്ങളെയോ എതിർപ്പുകളെയോ അല്ല; പേടിയെയാണ്. പ്രത്യേകിച്ച് ഒരു കലാരൂപത്തിന്റെ സ്ഥാപിതമായ സൗന്ദര്യശീലങ്ങൾക്കുള്ളിൽനിന്ന്, അതിന്റെ അതിരുകൾ വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ. കാരണം ഓരോ കലാരൂപവും അതിന്റേതായ സുരക്ഷിതമേഖലകൾ നിർമ്മിച്ചിട്ടുണ്ട്. അവിടെയാണ് അംഗീകാരവും, അവിടെ തന്നെയാണ് ഭൂരിഭാഗം പേർക്കും സമാധാനവും. ആ വലയത്തിന് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ പേടിയെ മറികടക്കേണ്ടിവരുന്നു.

മോഹിനിയാട്ടത്തിന്റെ സമകാലിക ചരിത്രത്തിൽ ഈ പേടിയെ അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിച്ച കലാകാരരിൽ ഒരാളാണ് മേതിൽ ദേവിക. 
ഇന്നവർ മോഹിനിയാട്ടത്തിൽ ഒരു പ്രധാന കൾട്ടായി മാറിയിരിക്കുന്നു. 2013- ൽ പിഎച്ച്ഡിയുടെ ഭാഗമായി മോഹിനിയാട്ട സമ്പ്രദായത്തിലെ ഓഫ് ഷൂട്ടുകളെയും ശൈലികളെയുംപറ്റി മനസ്സിലാക്കുമ്പോൾ മേതിൽ ദേവിക എന്നത് ഒരു performance ശൈലി ആയിരുന്നു. ‘കാവാലം സ്കൂൾ ഓഫ് തോട്ട്’ എന്ന് സംഗീതശൈലി കൊണ്ട് തോന്നിപ്പിക്കുമെങ്കിലും തുടക്കം മുതലേ ആരും ചെയ്യാത്ത ഒരു മോഹിനിയാട്ടമായിരുന്നു മേതിൽ ദേവികയുടേത്. കനക് റെലെയെ സെറിബ്രൽ ഡാൻസർ എന്ന് കലാലോകം വിശേഷിപ്പിച്ചിരുന്നു. അവർ ഒരു self-taught ഡാൻസറും ആയിരുന്നു. ഗവേഷണവും യാത്രയും അഭ്യാസവും പരീക്ഷണവും കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു സ്കൂൾ ആയിരുന്നു കനക് റെലെയുടെയും. 

റെലെയെ ഓർമ്മിക്കുവാൻ കാരണം, അതേ രീതിയിൽ സ്വതന്ത്രമായ PAR method കൊണ്ട് ഉരുവായിവന്ന ശൈലിയാണ് മേതിൽ ദേവികയുടേതും. സ്വയം പഠിക്കുക (heutagogy) പഠിപ്പിക്കുക, ഇത് രണ്ടും രണ്ടു പ്രക്രിയയാണ്. അതിൽ താൻ തന്റെ ശരീരത്തെ പഠിപ്പിക്കുകയാണ് കൂടുതലും ചെയ്യുന്നത് എന്ന് മേതിൽ ദേവിക തന്നെ പറയുന്നു. ശരീരത്തെ ടീസ് ചെയ്തുകൊണ്ട് അതിനെ ചിന്തിപ്പിക്കുക എന്നതാണ് അവരുടെ മെത്തേഡ് എന്നും അവർ പറയുന്നു.

ഒരു പതിറ്റാണ്ടിനപ്പുറം ഇതുപോലെ അവരുടെ പെർഫോമൻസ് കാണുന്ന, അതിലെ അപരിചിതമെന്നു ആദ്യകാഴചയിൽ തോന്നുന്ന, എന്നാൽ അത്രയും ഭംഗിയുള്ള ചലനങ്ങൾ കാണുമ്പോൾ എന്റെ ഉള്ളിൽ അല്ലെങ്കിൽ എന്നെ പോലെ ഒരുപാട് പേർക്കുള്ളിൽ, തോന്നിയിരുന്ന പ്രഥമ ചിന്ത, "ഹേ! എന്താണിപ്പോൾ ചെയ്തത്? ഇതെങ്ങനെ ചെയ്തു?’’ എന്നാണ്. അവിടെയിരുന്നുകൊണ്ടുതന്നെ മനസ്സുകൊണ്ടൊന്നു ചരിഞ്ഞും വളഞ്ഞുമൊക്കെ നോക്കിയാലും ഒരു പിടിയും പെട്ടെന്നങ്ങോട്ടു കിട്ടില്ല. അതുപോലെ വക്രവും എങ്കിൽ ഭംഗിയുള്ളതുമായ കുറെ ചലനമാലകൾ കോർത്തുകൊണ്ടായിരുന്നു മേതിൽ ശൈലി. പാട്ടും താളവും വാക്കുകളും പക്കമേളവും  പുതുതെന്നു തോന്നും, എന്നാൽ അവ പലവുരു പലപോലെ പരീക്ഷിച്ച് പല കാലഘട്ടങ്ങളിൽനിന്ന് എടുത്തുകോർത്ത മുത്തുകളാണ്. അതുകൊണ്ടു തന്നെ മേതിൽ ദേവികയുടെ നൃത്തമാലയ്ക്ക് അവരുടെ ആകാരം പോലെ തന്നെയുള്ള മിഴിവുണ്ട്.
എങ്കിൽ ഒരു കാലത്തു ശങ്കിച്ചിരുന്നു, ഒരുപക്ഷെ ഈ ശൈലി അവരുടെ റെക്കോർഡുകളിൽ മാത്രം ഒതുങ്ങുമോ എന്ന്.

അനുകരിച്ച് അഭ്യസിക്കാൻ കുറച്ചു ബുദ്ധിമുട്ട് മേതിൽ കളരിയിലുണ്ട്. എന്നാൽ ഇന്ന് ദേവികയുടെ തന്നെ വാക്കിൽ പറഞ്ഞാൽ, മുട്ടിന് എട്ടിന്റെ പണി കൊടുക്കുന്ന അടവുകളും അവരുടെ മെന്റൽ കോറിയോഗ്രഫിയുടെ അതേ സ്പഷ്ടതയിൽ തെളിവിൽനിന്നുകൊണ്ട് അവരുടെ ശിഷ്യർ ചെയ്യുമ്പോൾ, രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കലാമണ്ഡലത്തിൽ സാന്ദ്ര പിഷാരടി എന്ന കൊച്ചു മിടുക്കി നിർമല പണിക്കർ സ്കൂളിനെ കാഴ്ചവച്ച അതേ അത്ഭുതം നിറയുന്നു.

മേതിൽ ദേവികയുടെ ജീവിതയാത്രയിൽനിന്നും നിശിതമായ ഗവേഷണത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഈ ശൈലി നവീനവും ട്രാൻസ്ഫോർമേഷണലും ആണെങ്കിലും മോഹിനിയാട്ടം നിൽക്കുന്ന ഒരു പ്രഭുത്വപരത ഭേദിച്ചുപോകാത്തതുപോലെ തോന്നിയിട്ടുണ്ട്, ഒരു കാലം വരെ.

ഫ്യൂഡൽപാളി പൊട്ടിച്ചുപോയ അവതരണങ്ങൾ മോഹിനിയാട്ടചരിത്രത്തിൽ അങ്ങിങ്ങായി ഉണ്ട്, പക്ഷെ വിരളമെന്നു മാത്രം; കപിലയുടെ മോഹിനിയാട്ടസൃഷ്ടികൾ ഒരു ഉദാഹരണം. എത്ര പുതിയ ആശയങ്ങൾ എടുത്താലും വേറിട്ട ചിന്തകളും വിപ്ലവങ്ങളും കൊണ്ടുവന്നാലും ഏച്ചുകെട്ടു തോന്നാതെ ഫ്യൂഡൽ ഹാലോയെ പൊളിക്കുക ശ്രമകരമാണ്. മേതിൽ ദേവികയുടെ ഇന്നത്തെ മോഹിനിയാട്ടം ഈ പാളിയും കടന്നു പോയിരിക്കുന്നു. 

ശരീരാഭിനയവും മോഹിനിയാട്ടത്തിൽ മേതിൽ സ്കൂളിന്റെ പ്രത്യേകതയാണ്. ഒതുക്കം കൊണ്ട് സാദ്ധ്യതകൾ കുറയുന്നു എന്ന ഭൂരിഭാഗം വരുന്ന മോഹിനിയാട്ടക്കാരുടെ സങ്കടത്തെ ചിരിച്ചുകൊണ്ട് തള്ളുന്ന മേതിൽ ദേവികയെ പണ്ടുമുതലേ കാണാം. ഇന്ന് പേടി കൊണ്ട് നമ്മൾ ഓടിപ്പോകില്ല എന്നു പറയുന്ന അതേ ആളുടെ കാലങ്ങൾക്കു മുൻപേയുള്ള പേടിയില്ലായ്ത തന്നെയാണ് ഇന്നത്തെ മേതിൽ സ്കൂൾ ഓഫ് മോഹിനിയാട്ടത്തിനുപിന്നിൽ. ഗുരുപരമ്പരയും ഗവേഷണവും ജീവിതവും അതിന്റെ തൂണുകളായി നിൽക്കുന്നു.

"പേടിച്ചോടിപ്പോകാതെ" എന്നുപറയുന്നതിൽ വലിയ കാര്യം തന്നെയുണ്ട്. അതുകൊണ്ടാവും form ഭേദിക്കാതെ തന്നെ സ്വതന്ത്രമായ ഒരു മോഹിനിയാട്ടത്തെ നമുക്ക് കാണാൻ കഴിയുന്നത്. ‘ഫോം ഈസ് എംപ്റ്റി, എംപ്റ്റി ഈസ് ഫോം’ എന്ന quote കൊണ്ട് അവർ തന്റെ എക്സ്പീരിയൻസിനെ അടയാളപ്പെടുത്തുന്നു.  

തന്റെ സൃഷ്ടികളെ പറ്റി മേതിൽ ദേവിക ഒരിക്കൽ ഇങ്ങനെ പറഞ്ഞതോർക്കുന്നു: നൃത്തം കേൾക്കാൻ കഴിയണം, പാട്ടു കാണാനും പറ്റണം. ഈ വിധം രണ്ടും കോംപ്രോമൈസ് ചെയ്യാതെയാണ് അവർ choreography നിർവഹിക്കുന്നത്. 

മേതിൽ ദേവികയുടെ ‘കാവട്ടം’ (കാവ് + വട്ടം) എന്ന നൃത്ത സിനിമ, സ്പേഷ്യൽ ഡയനാമിൿസിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. sacred space-ൽ ഒരു സ്ത്രീ / ഒരു നർത്തകി / കടന്നുചെല്ലുമ്പോഴുണ്ടാവുന്ന വ്യതിയാനങ്ങളും പാർട്ടിയാർക്കി ഓർഡറും ഇക്കോ സിസ്റ്റംവും ​ക്രോസ് ചെയ്യുമ്പോഴുണ്ടാവുന്ന സംഘർഷങ്ങളാണ് ഇതിന്റെ ഒരു ലയർ. മിത്തിനെയും പ്രകൃതിയെയും സ്ത്രീയെയും explore ചെയ്തു കൊണ്ട് ഭൗതീകവും ബോധീകവും ആയ മൾട്ടിസ്‌പേസുകളെ അനുവാചകർക്ക് തുറന്നുവിടുകയാണ് കാവട്ടം. സ്ത്രീയെ വൾനറബ്ൾ എന്ന് വിളിച്ചുകൊണ്ട് കിട്ടുന്ന സമൂഹത്തിന്റെ ചില ആനന്ദങ്ങളെ അലോസരപ്പെടുത്തുകയാണിത്. ഈ vulnerabilityമിത്തിനെ പൊളിക്കാൻ vulnerbility തന്നെയാണ് അവർ സ്വീകരിച്ചതെന്ന് തോന്നും. ശരീരാഭിനയത്തെ പരമാവധി പ്രയോഗിച്ചുകൊണ്ട് ഏറെ മിഴിവോടെ ചെയ്ത ദേവി- ദാരിക യുദ്ധത്തിൽ vulnerabilty- യെ എടുത്തു കാണിക്കുന്ന ഭദ്രകാളിയുടെ കണ്ണുകളാണ് രൗദ്രത്തിനെക്കാളും സമൂഹത്തിലേക്ക് എറിയുന്ന ചോദ്യച്ചുരിക.

മോഹിനിയാട്ടം ശൃംഗാര- രതിരസ-ഭാവങ്ങൾക്ക് അനിവാച്യമായ ഇടം നൽകുന്നതും അല്ലെങ്കിൽ അത് നൽകേണ്ടതുമായ ഇടമാണെന്നു ചില അനുവാചകർ ഇന്നും ആവർത്തിക്കുന്നു. പെട്ടെന്ന് മനസിലാക്കാൻ കഴിയാത്ത അലൗകിക ഭക്തി സംവാദത്തിൽനിന്ന് താഴോട്ടിറങ്ങി ലൗകികാനന്ദങ്ങളെപ്പറ്റി പറയാൻ മോഹിനിയാട്ടക്കാരോട് ആഹ്വാനം ചെയ്യുന്നവരോട് പറയട്ടെ; അവൾ അവൾക്കു തോന്നുമ്പോൾ ശൃംഗാരം പറയട്ടെ, തോന്നുമ്പോൾ ഭക്തിയും. അവളുടെ ചലനങ്ങളുടെ ഡിസൈനർ അവളാണ്, അത് മറ്റൊരാണും അല്ല. ‘കാവട്ട’ത്തിലെ ഭദ്രകാളിയുടെ കലങ്ങിയ കണ്ണുകളും നോട്ടങ്ങളും തുളഞ്ഞുചെല്ലുന്നത് മോഹിനിയാട്ടത്തതിന്റെ ഇത്തരം ആൺ -വായനയിലേക്കാണ്.

impromptu- യിലൂടെയും ഗവേഷണയാത്രയിൽ നിന്നും ഉരുത്തിരിഞ്ഞ ഹാർട്ട് സൂത്ര എന്ന ഫിലിം, അനിശ്ചിതത്വത്തിൽ (uncertainty) നിന്ന്  പിറവിയെക്കുന്ന കലയുടെ തെളിവാണെന്ന് മേതിൽ ദേവിക പറയുന്നു. മോഹിനിയാട്ടം എന്ന ശരീരം എത്തുന്ന പുതിയ മാനങ്ങളിൽ ഫോമിന്റെ ബോർഡറിൽ നിന്നുകൊണ്ട് പുറത്തേക്ക് പര്യവേഷണം ചെയ്യുന്ന ചലനങ്ങൾ. റിയാലിറ്റികളുടെ അനവധി പാളികളിൽ ഓടിയും ആടിയും വേദനിച്ചും ഉല്ലസിച്ചും സ്വത്വത്തെ, സ്വത്വമില്ലായ്മയെ ഒക്കെ കാണുന്ന ജീവിതത്തിന്റെ അർത്ഥവും അർഥമില്ലായ്മയും, നിറവും ശൂന്യതും ഒക്കെ അറിഞ്ഞാടുന്ന ഒരു തെന്നൽച്ചിരിയുടെ മോഹിനിയാട്ടമായി മാറി ഹാർട്ട് സൂത്ര എന്ന ഫിലിം.

ഇതിനോടുചേർത്ത് കുറച്ചു കാര്യങ്ങൾ കൂടി പറയാം. നൃത്തം എപ്പോഴും 360 ഡിഗ്രി അനുഭവമാണ്. ക്യാമറയിലേക്കു പകർത്തുമ്പോൾ ലൈവ് ആയ പലതും കാഴ്ചക്കാർക്ക് നഷ്ടപ്പെടും എന്നതും വാസ്തവമാണ്. എന്നാൽ ഇതിനെ മറികടക്കുന്നത് എപ്പോഴും നർത്തകിയുടേതുപോൽ തന്നെ നർത്തകിയുടെ ഭാഷയെ, അവർ പറയുന്നതിനെ, മനസിലാക്കുന്ന ഒരു ലെൻസ് പേഴ്സന്റെ ആത്മാർത്ഥപ്രയത്നവും വഴിയാണ്. 

അതീവ പ്രതിഭാശാലിയായുള്ള സ്പേസ് ഡയനാമിൿസ് അറിയുന്ന ഒരു കലാകാരിക്ക് അല്ലെങ്കിൽ കലാകാരനുമാത്രമേ മുൻപരിചയമില്ലാതെ നൃത്തത്തെ പകർത്താനാവൂ. ക്രിയേറ്റീവ് explorations ആണെങ്കിൽ, അതായത് മുൻപ് സെറ്റ് ചെയ്തു വച്ചതല്ലാതെ, സ്പേസ്- ഇന്ററാക്ഷനിലൂടെ (സ്ഥലകാലങ്ങളോട് തത്സമയം സംവദിക്കുന്നതിലൂടെ) ഉണ്ടാവുന്ന സൃഷ്ടികൾ പകർത്തുമ്പോൾ, പകർത്തുന്ന ആൾ നർത്തകിയുടെയോ നർത്തകന്റെയോ ഒപ്പം സഞ്ചരിക്കുന്ന ആത്മബന്ധമുള്ള ആൾ കൂടിയാണെങ്കിൽ, നൃത്ത-കഥ അവരിരുവരിലൂടെ ഒരേസമയം അസാധ്യമായി പുറത്തുവരും; ഉലെയും മറീനയും പോലെ.

അസാധ്യ നർത്തകിയും ഗുരുവും ഗവേഷകയുമായ അവർ ഇന്ന് അവരുടെ കലയോടൊപ്പം വളർന്ന് ഹാർട്ട് സൂത്ര അവസാനിക്കുന്ന ബുദ്ധന്റെ ചിരിപോലെ, ഭാരമറ്റതും വനത്തിലും വിഹായസ്സിലും കാലങ്ങളിലും സഞ്ചരിക്കുന്നതുമായ ഒരു ബോധാവസ്ഥയായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ "പേടികൊണ്ട് നമ്മൾ ഓടിപ്പോകില്ല’’ എന്ന അവരുടെ വാചകം, വ്യക്തിപരമായ പ്രഖ്യാപനം മാത്രമല്ല; അത് ഒരു കലാദർശനമാണ്. പതിറ്റാണ്ടുകളായി മോഹിനിയാട്ടത്തെ ചുറ്റിപ്പറ്റി നിർമ്മിക്കപ്പെട്ടിരുന്ന സുരക്ഷിതമായ സൗന്ദര്യശീലങ്ങളെയും, അധികാരഭാഷകളെയും, നിർവചനങ്ങളെയും നേരിട്ടു ചോദ്യം ചെയ്യാനുള്ള ധൈര്യമാണ് അതിലുള്ളത്. പേടിയില്ലായ്മയല്ല അതിന്റെ സത്ത; പേടിയെ അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ മുന്നിലൂടെ നടക്കാനുള്ള ആർജവമാണ്.

അവരുടെ സൃഷ്ടികളിൽ മോഹിനിയാട്ടം ഒരു സ്ഥിരവ്യാകരണമല്ല; ഓരോ അവതരണത്തിലും പുതിയ ചോദ്യങ്ങൾക്ക് വിധേയമാകുന്ന ഒരു ജീവിക്കുന്ന രൂപമാണ്. ജീവനുള്ള ഒരു കലാരൂപം നിരന്തരം രൂപം മാറുകയും, സ്വയം ചോദ്യം ചെയ്യുകയും, സ്വന്തം അതിരുകളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യും. അതുകൊണ്ടാണ് അവരുടെ മോഹിനിയാട്ടം പാരമ്പര്യത്തെ തള്ളിക്കളയാതെ അതിനുള്ളിൽനിന്നുതന്നെ അതിന്റെ നിശ്ശബ്ദതകളെ വിചാരണ ചെയ്യുന്നത്. അവിടെ ശരീരം വെറും അവതരണോപകരണമല്ല; അത് ചിന്തിക്കുന്ന ഒരു ഭൂമിശാസ്ത്രവും, പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയവും, അന്വേഷിക്കുന്ന ഒരു ദർശനവുമാണ്.

ഒരുപക്ഷേ അതാണ് മേതിൽ ദേവികയുടെ ഏറ്റവും വലിയ സംഭാവനയും. അവർ ഒരു പുതിയ ശൈലി മാത്രം സൃഷ്ടിച്ചിട്ടില്ല; മോഹിനിയാട്ടത്തിനുള്ളിൽ ഭയപ്പെടാതെ ചിന്തിക്കാനുള്ള ഒരു സ്വാതന്ത്ര്യസ്ഥലം കൂടി തുറന്നിട്ടുണ്ട്. ആ ഇടത്തുനിന്നാണ് പുതിയ ചോദ്യങ്ങളും പുതിയ ശരീരങ്ങളും പുതിയ ഭാഷകളും ജനിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ യാത്രയെ നോക്കുമ്പോൾ ഒടുവിൽ മനസ്സിൽ അവശേഷിക്കുന്നത് ഒരു നർത്തകിയുടെ പ്രതിഭയല്ല, മറിച്ച് ഒരു നിലപാടാണ്:
കലയുടെ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതുന്നത് പേടിയില്ലാത്തവരല്ല; പേടിച്ചിട്ടും ഓടിപ്പോകാത്തവരാണ്.

ഡോ. അശ്വതി രാജൻ

നൃത്തകലയുടെ സാമൂഹികപരമായ സാധ്യതകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നർത്തകിയും കലാഗവേഷകയും സാമൂഹിക പ്രവർത്തകയും. മൂന്ന് പുസ്തകങ്ങളും ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്മ ഫൗണ്ടേഷൻ സ്ഥാപക-ഡയറക്ടർ. CCRT ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, UGC-JRF, UGC-SRF, നൃത്തത്തിൽ പി.എച്ച്.ഡി., നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.