സംസ്ഥാനത്ത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക കർമ്മപദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിലും സ്റ്റാച്യുവിലും നടപ്പാക്കും

സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത വകുപ്പ് പ്രത്യേക കർമ്മ പദ്ധതി തയാറാക്കുന്നു.

സംസ്ഥാനത്ത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക കർമ്മപദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിലും സ്റ്റാച്യുവിലും നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുമായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക് വിഭാഗം, നാറ്റ്പാക്ക് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനപ്പെരുപ്പം മൂലം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നേരിടുന്ന പ്രയാസം പരിഹരിക്കാൻ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കും. കൂടാതെ, മൾട്ടി-ലൈൻ റോഡുകളിൽ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ 'പെഡസ്ട്രിയൻ ക്രോസിങ് റെസ്ക്യൂ സ്പോട്ടുകൾ' സജ്ജീകരിക്കും. ഈ രണ്ടു സുരക്ഷാ സംവിധാനങ്ങളും ആദ്യഘട്ടത്തിൽ തിരുവനന്തപുരം കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. തുടർന്ന്, ഇവയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക.

പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാറ്റ്പാക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.