മന്ത്രി പി.കെ. ബഷീറിന്റെ ഭക്ഷണ വീഡിയോ വിവാദത്തിൽ; സത്യപ്രതിജ്ഞാ ലംഘനമെന്ന് വിമർശനം
മട്ടൻ ബിരിയാണിയും മട്ടൻ ചാപ്സും മികച്ചതാണെന്നും ഭക്ഷണത്തിന് മലബാർ രുചിയുണ്ടെന്നുമാണ് വീഡിയോയിൽ മന്ത്രി പറയുന്നത്. ഇതോടെയാണ് മന്ത്രിയുടെ വാക്കുകൾക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്
മലപ്പുറം: തിരുവനന്തപുരത്തെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനിടെ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നടത്തിയ ഭക്ഷണത്തെക്കുറിച്ചുള്ള പരാമർശം സമൂഹമാധ്യമങ്ങളിൽ വിവാദമായി. വിവാഹച്ചടങ്ങിലെ കാറ്ററിംഗ് സേവനത്തെക്കുറിച്ച് മന്ത്രി അഭിപ്രായം പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മട്ടൻ ബിരിയാണിയും മട്ടൻ ചാപ്സും മികച്ചതാണെന്നും ഭക്ഷണത്തിന് മലബാർ രുചിയുണ്ടെന്നുമാണ് വീഡിയോയിൽ മന്ത്രി പറയുന്നത്. ഇതോടെയാണ് മന്ത്രിയുടെ വാക്കുകൾക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വകാര്യ സ്ഥാപനത്തിന്റെ സേവനത്തെ പരസ്യപ്പെടുത്തുന്നത് സത്യപ്രതിജ്ഞാ വ്യവസ്ഥകളുടെ ലംഘനമാകുമെന്ന വിമർശനമാണ് ഉയരുന്നത്.
മന്ത്രിയുടെ പദവി വ്യക്തിപരമായ നേട്ടത്തിനോ സ്വകാര്യ സ്ഥാപനങ്ങളുടെ വാണിജ്യ പ്രചാരണത്തിനോ ഉപയോഗിക്കരുതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വീഡിയോയെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ വിവാദത്തിൽ കഴമ്പില്ലെന്നാണ് മന്ത്രി പി.കെ. ബഷീറിന്റെ പ്രതികരണം. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചതെന്നും നല്ല ഭക്ഷണമായതിനാൽ അതേക്കുറിച്ച് പറഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയുടെ പരാമർശവും ഔദ്യോഗിക പദവിയുടെ ഉപയോഗവും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമായിരിക്കുകയാണ്.
Comments ()