ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവ നർത്തകിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത്

ചുറ്റും മദ്യലഹരിയിലുള്ള നിരവധി പുരുഷന്മാരുണ്ട്, എനിക്ക് പേടിയാകുന്നു" എന്നായിരുന്നു പെൺകുട്ടി വീട്ടിലേക്ക് അയച്ച അവസാന സന്ദേശം.

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവ നർത്തകിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത്

ആന്ധ്രപ്രദേശിൽ ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയായ ഇരുപതുകാരിയായ നർത്തകിയെ റെയിൽവേ പാളത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുവാഹത്തി ബി. ബൊറൂവ കോളേജിലെ വിദ്യാർഥിനിയും കാമ്രൂപ് ജില്ലയിലെ നിവാസിയുമായ പെൺകുട്ടിയുടെ മൃതദേഹം ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലുള്ള മലയാപുരം വനമേഖലയോട് ചേർന്നുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) കണ്ടെടുത്തത്. വിശാഖപട്ടണത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാനെത്തിയ ഡാൻസ് ട്രൂപ്പിലെ അംഗമായിരുന്നു ഇവർ.

ഒക്ടോബർ 10-ന് ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന ബാങ്ക് പരീക്ഷയിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഈ ദാരുണസംഭവം നടന്നത്. ഒക്ടോബർ 5-ന് വൈകുന്നേരം സിൽച്ചാർ എക്‌സ്പ്രസിൽ തത്കാൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന്, രാത്രി 11:50-ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലെത്തി ദിബ്രൂഗഡ് വിവേക് എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ കയറുകയായിരുന്നു. അർധരാത്രി 12:10-ന് ട്രെയിൻ യാത്രതിരിച്ചു. യാത്രയിലുടനീളം വീട്ടുകാരുമായും കൂട്ടുകാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്ന പെൺകുട്ടി, തന്റെ കോച്ചിൽ കടുത്ത തിരക്കാണെന്നും ചുറ്റും കൂടുതലായും പുരുഷന്മാരാണുള്ളതെന്നും അറിയിച്ചിരുന്നു. "ചുറ്റും മദ്യലഹരിയിലുള്ള നിരവധി പുരുഷന്മാരുണ്ട്, എനിക്ക് പേടിയാകുന്നു" എന്നായിരുന്നു പെൺകുട്ടി വീട്ടിലേക്ക് അയച്ച അവസാന സന്ദേശം.

ഒക്ടോബർ 6-ന് പുലർച്ചെ 2:39-നാണ് വീട്ടുകാർ അവസാനമായി മകളോട് സംസാരിച്ചത്. അതിനുശേഷം ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു. തുടർന്ന് ബന്ധപ്പെടാൻ സാധിക്കാതായതോടെ അമ്മ ഗുവാഹത്തി റെയിൽവേ പൊലീസിലും റെയിൽവേ ഹെൽപ്പ്‌ലൈൻ വഴിയും പരാതി നൽകി. അസം പൊലീസും ആർ.പി.എഫും നടത്തിയ തിരച്ചിലിൽ വിവേക് എക്‌സ്പ്രസിന്റെ എസ്-2 കോച്ചിൽനിന്ന് പെൺകുട്ടിയുടെ ബാഗും മറ്റ് സാധനങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് റെയിൽവേ പാളത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.