കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ഫണ്ടിംഗും: കുവൈത്തിൽ 13 പേർക്ക് തടവ്; 31 കോടി ദിനാർ പിഴ
കള്ളപ്പണം വെളുപ്പിച്ച ഒരു പ്രധാന കേസിൽ നാല് പ്രതികൾക്ക് 10 വർഷം വീതം തടവുശിക്ഷയും ഏകദേശം 19.9 കോടി കുവൈത്ത് ദിനാർ പിഴയും വിധിച്ചു.
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിംഗ്, അട്ടിമറി ശ്രമങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ അതീവ ഗുരുതരമായ കേസുകളില്‍ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി തിങ്കളാഴ്ച 46 സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചു.
ഇതില്‍ ഏറ്റവും നിര്‍ണായകമായ വിധിന്യായത്തിലൂടെ 13 പ്രതികള്‍ക്ക് വിവിധ കാലാവധികളിലായി തടവുശിക്ഷ വിധിച്ചു. കൂടാതെ, കുറ്റക്കാരായ പ്രതികള്‍ക്കും കേസുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങള്‍ക്കുമായി ആകെ 31 കോടി കുവൈത്ത് ദിനാര്‍ (ഏകദേശം 310 ദശലക്ഷം ദിനാര്‍) വന്‍ തുക പിഴയായും കോടതി ചുമത്തിയിട്ടുണ്ട്.
നാല് പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷയും ഏകദേശം 19.9 കോടി കുവൈത്ത് ദിനാര്‍ പിഴയും കള്ളപ്പണം വെളുപ്പിച്ച കേസില്‍ വിധിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വെളുപ്പിച്ച തുകയ്ക്ക് തുല്യമായ ഏകദേശം 9.9 കോടി ദിനാര്‍ പിഴ ചുമത്തുകയും അവയുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി നിരോധിക്കുകയും ചെയ്തു.
മറ്റൊരു കേസില്‍ ലബനീസ് ഹിസ്ബുള്ളയ്ക്ക് ഫണ്ട് നല്‍കുകയും സംഘടനയില്‍ ചേരുകയും ചെയ്ത കുറ്റത്തിന് മൂന്ന് കുവൈത്ത് പൗരന്മാരും ഒരു ലബനന്‍ സ്വദേശിയും ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവും 60 ലക്ഷം കുവൈത്ത് ദിനാര്‍ പിഴയും കോടതി ചുമത്തി.
കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ട മറ്റൊരു കുവൈത്ത് സ്വദേശിക്ക് 10 വര്‍ഷം തടവും 60.7 ലക്ഷം ദിനാര്‍ പിഴയും വിധിച്ചു.
Comments ()