മരുഭൂമിയെ പച്ചപ്പണിയിച്ച് മുരിങ്ങ കൃഷി: സൗദിയിൽ മുരിങ്ങ കൃഷി വൻ വാണിജ്യ വിജയത്തിലേക്ക്

വരണ്ട കാലാവസ്ഥയെ അതിജീവിച്ച് മരുഭൂമിയിൽ മുരിങ്ങ കൃഷി വൻ വാണിജ്യ വിജയമാകുന്നു.

മരുഭൂമിയെ പച്ചപ്പണിയിച്ച് മുരിങ്ങ കൃഷി: സൗദിയിൽ മുരിങ്ങ കൃഷി വൻ വാണിജ്യ വിജയത്തിലേക്ക്

റിയാദ്: റിയാദിലെ വരണ്ട കാലാവസ്ഥയോടും കടുത്ത പാരിസ്ഥിതിക വ്യതിയാനങ്ങളോടും പൊരുതിനില്‍ക്കാന്‍ ശേഷിയുള്ള മരുഭൂമിയിലെ മുരിങ്ങ കൃഷി വന്‍ വാണിജ്യ വിജയത്തിലേക്ക് കുതിക്കുന്നു. കുറഞ്ഞ ജല ഉപയോഗം, വേഗത്തിലുള്ള വളര്‍ച്ച, ഉയര്‍ന്ന സാമ്പത്തിക മൂല്യം എന്നിവയാണ് ആഗോളതലത്തില്‍ തന്നെ ഈ വിളയെ ജനപ്രിയമാക്കുന്നത്. വരണ്ട പ്രദേശങ്ങളില്‍ വന്‍ ലാഭം കൊയ്യാന്‍ മുരിങ്ങ കൃഷി വലിയ അവസരമാണ് നല്‍കുന്നതെന്ന് സൗദിയിലെ ഹായില്‍ പ്രവിശ്യാ മുരിങ്ങ സഹകരണ സംഘം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ ഉബൈദാ വ്യക്തമാക്കി.

പത്ത് വര്‍ഷത്തിലേറെ നീണ്ട തന്റെ അനുഭവസമ്പത്ത് പങ്കുവെച്ച അദ്ദേഹം, 50,000 ചതുരശ്ര മീറ്ററിലെ ഫാമില്‍ 5 മുതല്‍ 14 മീറ്റര്‍ വരെ ഉയരമുള്ള മുപ്പതിനായിരത്തിലധികം മരങ്ങളില്‍ നിന്ന് മികച്ച വിളവെടുപ്പ് നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെരിഗ്രിന, ഒലിഫെറ ഉള്‍പ്പെടെ 13-ഓളം വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്.

ഹായിലിലെ കുറഞ്ഞ പൊടിപടലങ്ങളും അനുകൂല അന്തരീക്ഷവും കാരണം ഇലക്കറി മുരിങ്ങ കൃഷി വന്‍ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് മുതല്‍ ജനുവരി വരെയാണ് ഇവിടെ പ്രധാന വിളവെടുപ്പ് കാലം. വളരെ കുറഞ്ഞ അളവില്‍ മാത്രം വെള്ളം ആവശ്യമുള്ളതിനാല്‍ കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കുന്നു. മറ്റു മരങ്ങളെ അപേക്ഷിച്ച് 21 മടങ്ങ് ഉയര്‍ന്ന നിരക്കില്‍ അന്തരീക്ഷ വായു ശുദ്ധീകരിക്കാന്‍ ശേഷിയുള്ള മുരിങ്ങ, പോഷകാഹാര ലഭ്യതയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരുപോലെ വിപ്ലവം സൃഷ്ടിച്ചാണ് മുന്നേറുന്നത്.