ക്ലാസ് റൂമിലും ഒരുമിച്ച്, ബിരുദവേദിയിലും ഒരുമിച്ച്; ഐഐടി മദ്രാസിൽ തിളങ്ങി അമ്മയും മകനും
ഒരേ കോഴ്സ് ഒരുമിച്ച് പഠിച്ചുതീര്‍ത്ത 45-കാരിയായ അമ്മയും 21-കാരനായ മകനും ഒരേ വേദിയില്‍ വെച്ചാണ് ബിരുദം ഏറ്റുവാങ്ങിയത്.
ചെന്നൈ: ഐഐടി മദ്രാസിന്റെ പുതിയ ബിരുദദാന ചടങ്ങില്‍ അപൂര്‍വവും ഹൃദ്യവുമായ ഒരു നേട്ടത്തിന് വേദിയൊരുങ്ങി. ഒരേ കോഴ്സ് ഒരുമിച്ച് പഠിച്ചുതീര്‍ത്ത 45-കാരിയായ അമ്മയും 21-കാരനായ മകനും ഒരേ വേദിയില്‍ വെച്ചാണ് ബിരുദം ഏറ്റുവാങ്ങിയത്. ഐഐടി മദ്രാസ് നടത്തുന്ന ഓണ്‍ലൈന്‍ ഡാറ്റാ സയന്‍സ് പ്രോഗ്രാമാണ് ഈ അമ്മയും മകനും വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഗുജറാത്തിലെ ബറൂച്ചില്‍ 16 വര്‍ഷത്തോളം എഞ്ചിനീയറിങ് കോളേജ് അധ്യാപികയായിരുന്ന ജിഗിഷ ടെയ്‌ലറും മകന്‍ ആദിത്യ കപാഡിയയുമാണ് ഈ അപൂര്‍വ നേട്ടത്തിലൂടെ ഐഐടി മദ്രാസിലെ ബിരുദദാന ചടങ്ങില്‍ താരങ്ങളായത്. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ കാരണം 2019-ല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന ജിഗിഷയെ, മൂന്ന് വര്‍ഷത്തിന് ശേഷം മകന്റെ കടുത്ത നിര്‍ബന്ധവും പ്രോത്സാഹനവുമാണ് വീണ്ടും പഠനലോകത്തേക്ക് എത്തിച്ചത്.
കോവിഡ് കാലത്ത്, അതായത് 2021-ലാണ് ആദിത്യ ഡാറ്റാ സയന്‍സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുമുള്ള താല്പര്യം മുന്‍നിര്‍ത്തി ഈ ഓണ്‍ലൈന്‍ കോഴ്‌സില്‍ ചേരുന്നത്. മകന്‍ വീട്ടിലിരുന്ന് പഠിക്കുന്നത് കണ്ട ജിഗിഷയ്ക്ക്, തന്റെ പഴയ ഇലക്ട്രോണിക്‌സ് പശ്ചാത്തലത്തോട് ചേര്‍ത്തുവെക്കാവുന്ന ഈ പുതിയ സാങ്കേതികവിദ്യാ കോഴ്‌സിനോട് താല്പര്യം തോന്നി. തുടര്‍ന്ന് മകന്റെ പിന്തുണയോടെ 2022-ല്‍ അവരും കോഴ്‌സിന്റെ ഭാഗമായി. ജോലി ചെയ്യുന്നവര്‍ക്കും പഠനത്തില്‍ ഇടവേള വന്നവര്‍ക്കും സ്വന്തം സൗകര്യത്തിനനുസരിച്ച് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഈ പ്രോഗ്രാമിന്റെ ഫ്‌ലെക്‌സിബിലിറ്റിയാണ് തങ്ങളെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് ആദിത്യ വ്യക്തമാക്കുന്നു.
Comments ()