പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ക്രൂരത; വീടിന് മുന്നിൽ വെച്ച് യുവതിയെ കുത്തിക്കൊന്ന യുവാവും സഹോദരനും അറസ്റ്റിൽ
പ്രണയബന്ധത്തില്‍ നിന്ന് അമൃത പിന്മാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ബംഗളൂരു: ബെംഗളൂരുവില്‍ പ്രണയപ്പകയെത്തുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച നിയമവിദ്യാര്‍ത്ഥിനി അമൃത (22) ചികിത്സയിലിരിക്കെ മരണമടഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശേഷമാണ് യുവതിയുടെ ജീവന്‍ നഷ്ടമായത്. പ്രണയബന്ധത്തില്‍ നിന്ന് അമൃത പിന്മാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസികളായ ധനുഷ്, സഹോദരന്‍ സൂര്യ എന്നിവരെ ജെ.ബി നഗര്‍ പൊലീസ് പിടികൂടി. ഇതില്‍ സൂര്യയാണ് അമൃതയെ കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ 13-ാം തീയതി വൈകുന്നേരം എച്ച്.എ.എല്‍ റോഡിലെ കൊടിഹള്ളിയിലുള്ള അമൃതയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു ഈ ദാരുണമായ ആക്രമണം നടന്നത്. ജ്യേഷ്ഠന്‍ ധനുഷുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തില്‍, കത്തിയുമായെത്തിയ സൂര്യ അമൃതയുടെ നെഞ്ചിനും പുറത്തും ക്രൂരമായി കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച യുവതിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 48 മണിക്കൂറിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി സൂര്യയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.
Comments ()