'വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് മെസേജ് വന്നാൽ...'; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി എംവിഡി

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്നും ഉടന്‍ പണമടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചാണ് പലര്‍ക്കും സന്ദേശങ്ങള്‍ ലഭിക്കുന്നത്.

'വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് മെസേജ് വന്നാൽ...'; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങൾക്ക് ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെയും എസ്.എം.എസിലൂടെയും എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ജാഗ്രതാ നിർദേശം നൽകി. വ്യാജ ലിങ്കുകൾ അയച്ച് പണവും ബാങ്കിങ് വിവരങ്ങളും തട്ടിയെടുക്കുന്ന സൈബർ സംഘങ്ങൾ സജീവമായ സാഹചര്യത്തിലാണിത്. പിഴയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി അയക്കുന്ന ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുന്നത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, പിൻ എന്നിവ ചോരാൻ ഇടയാക്കും.

വാഹനത്തിന് ചലാന്മാർ നിലവിലുണ്ടോയെന്ന് അറിയാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായhttps://echallan.parivahan.gov.in/മാത്രം ഉപയോഗിക്കുക. വാട്‌സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ, ഔദ്യോഗിക വെബ്‌സൈറ്റ് നേരിട്ട് ബ്രൗസറിൽ ടൈപ്പ് ചെയ്ത് വാഹന നമ്പറോ ചലാൻ നമ്പറോ നൽകി പരിശോധിക്കുന്നതാണ് സുരക്ഷിതം. ഓൺലൈനായി പണമടയ്ക്കാൻ പ്രയാസമുള്ളവർക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളെയോ അംഗീകൃത സേവന കേന്ദ്രങ്ങളെയോ സമീപിക്കാം. കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകൾക്ക് ബന്ധപ്പെട്ട ആർ.ടി ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.