ചെണ്ടമേളവും പുലികളിയുമായി ഓണപ്രചാരണം: 'വഴിതടഞ്ഞ്' ആർടിഒ, മാവേലിക്ക് പിഴ

അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്‍റെ പരസ്യം പ്രദർശിപ്പിച്ച് ഇൻഫോപാർക് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 7,700 രൂപ പിഴ ചുമത്തി

ചെണ്ടമേളവും പുലികളിയുമായി ഓണപ്രചാരണം: 'വഴിതടഞ്ഞ്' ആർടിഒ, മാവേലിക്ക് പിഴ

കൊച്ചി ഇൻഫോപാർക് റോഡിൽ മാവേലിയും പുലികളിക്കാരും ചെണ്ടമേളവുമായി നടത്തിയ ഓണപ്പരസ്യ യാത്ര മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. ആവശ്യമായ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പതിച്ച കാറിൽ പ്രചാരണം നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് 7,700 രൂപ പിഴ ചുമത്തിയത്. തിരക്കേറിയ വഴിയിലും സ്ഥാപനങ്ങൾക്ക് മുന്നിലും വാഹനം നിർത്തി ചെണ്ടമേളത്തോടെ മാവേലിയെയും സംഘത്തെയും പുറത്തിറക്കിയായിരുന്നു പരസ്യം ചെയ്തിരുന്നത്.

എൻഫോഴ്‌സ്‌മെൻ്റ് ആർടിഒ ബിജു ഐസക്കിൻ്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ, പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ അതിനുള്ള പ്രത്യേക ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ വാഹനവും മാവേലിയെയും പുലികളിക്കാരെയും ഉദ്യോഗസ്ഥർ കളക്ടറേറ്റിലേക്ക് കൊണ്ടുപോയി. പ്രചാരണം ബാങ്ക് നേരിട്ടല്ല, മറിച്ച് കരാറെടുത്ത ഏജൻസിയാണ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നിയമാനുസൃതമായ പിഴ തുക ഈടാക്കിയ ശേഷം വാഹനം വിട്ടയച്ചതോടെ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം മാവേലിയും സംഘവും കളക്ടറേറ്റിൽനിന്ന് തങ്ങളുടെ യാത്ര പുനരാരംഭിച്ചു.