വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും

അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും.

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പരിശോധന ശക്തമാക്കാനും കണ്ടെത്തുന്ന ഓരോ നിയമലംഘനത്തിനും വേവ്വേറെ പിഴ ചുമത്താനും എംവിഡി തീരുമാനിച്ചു. ഒന്നിലേറെ മോഡിഫിക്കേഷനുകൾ ഉണ്ടെങ്കിൽ ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കുന്നതിനൊപ്പം, ഇവ പൂർവസ്ഥിതിയിലാക്കി വാഹനം വീണ്ടും ആർടിഒയ്ക്ക് മുന്നിൽ ഹാജരാക്കുകയും വേണം. സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്താനും പ്രത്യേക നിർദേശമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ എടുത്ത നടപടികളുടെ റിപ്പോർട്ട് സെപ്റ്റംബർ 3-നകം സമർപ്പിക്കാൻ എല്ലാ ആർടിഓമാർക്കും ഗതാഗത കമ്മീഷണറേറ്റ് നിർദേശം നൽകിയിട്ടുണ്ട്.

മറ്റ് യാത്രക്കാർക്കും കാൽനടക്കാർക്കും അപകടസാധ്യതയുണ്ടാക്കുന്ന മോഡിഫിക്കേഷനുകൾക്കെതിരെ ഹൈക്കോടതി കർശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അനുവദനീയമായ അളവിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കാൻ പാടില്ല. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ മറ്റ് ഡ്രൈവർമാരുടെ കാഴ്ച മങ്ങിച്ച് അപകടത്തിന് കാരണമാകുന്നതിനാൽ ഇവ പൂർണമായും നിരോധിച്ചു. കൂടാതെ, വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയും, കനത്ത ശബ്ദവും തീപ്പൊരിയും ഉണ്ടാക്കുന്ന പുകക്കുഴലുകൾ ഉപയോഗിക്കുന്നവർക്കെതിരെയും നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.