അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുരുന്നെത്തി: തണല്‍തേടിയെത്തിയത് അഞ്ചുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്‌

തിരുവനന്തപുരത്തെ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലാണ് 5 ദിവസം പ്രായമായ പെൺകുഞ്ഞെത്തിയത്.

അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുരുന്നെത്തി: തണല്‍തേടിയെത്തിയത് അഞ്ചുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്‌

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ സ്‌നേഹത്തണലിലേക്ക് ആയിരാമത്തെ കണ്‍മണിയുമെത്തി. തിരുവനന്തപുരം ആസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ ലഭിച്ച അഞ്ചു ദിവസം പ്രായമുള്ള ഈ പെണ്‍കുഞ്ഞിന് 'സഹസ്ര' എന്ന് പേരുനല്‍കി.

2002ലെ ശിശുദിനത്തിലാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദ്യ അമ്മത്തൊട്ടില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഈ ആശയം 24 വര്‍ഷം പിന്നിടുമ്പോള്‍ 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തലസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ ലഭിച്ച അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു.

അമ്മത്തൊട്ടിലില്‍ എത്തിയ ആയിരാമത്തെ കുഞ്ഞാണിത്. ഇവിടെ ലഭിച്ച 1000 കുട്ടികളില്‍ 681 പേരും പെണ്‍കുട്ടികളാണ് (319 ആണ്‍കുട്ടികള്‍). എന്നാല്‍, ദത്തെടുക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് എന്നത് ആശ്വാസകരമാണ്. ആദ്യ കുഞ്ഞ് നിത്യയും നൂറാമത്തെ കുഞ്ഞ് ശതശ്രീയും ആയിരാമത്തെ കുഞ്ഞ് സഹസ്രയുമെല്ലാം പെണ്‍കുരുന്നുകളാണ്. നിള, മഴ, വേനല്‍, കതിര്‍, തെന്നല്‍ തുടങ്ങി നിരവധി കുരുന്നുകള്‍ക്ക് ജീവിതവെളിച്ചമേകാന്‍ സമിതിക്ക് സാധിച്ചിട്ടുണ്ട്.