ആറുവരി ദേശീയപാതയിൽ റൂട്ട് ബസുകൾക്ക് നിയന്ത്രണം; സർവീസ് റോഡിലൂടെ മാത്രം യാത്ര
ദേശീയപാതയിലെ ഗതാഗത വേഗത നിലനിർത്തുന്നതിനും പ്രാദേശിക യാത്രകൾക്കുള്ള വാഹനങ്ങൾ മെയിൻ ക്യാരേജിൽ നിന്ന് ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ദീർഘദൂര യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് സർവീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതകളിൽ ഗതാഗതക്രമീകരണങ്ങൾ ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. പുതിയ ഉത്തരവ് പ്രകാരം സാധാരണ റൂട്ട് ബസുകൾക്ക് ദേശീയപാതയുടെ പ്രധാന പാതയിലൂടെ ഇനി സർവീസ് നടത്താൻ കഴിയില്ല. സ്വകാര്യ ബസുകളും കെഎസ്ആർടിസിയുടെ സാധാരണ സർവീസുകളും സർവീസ് റോഡുകൾ ഉപയോഗിച്ചാണ് യാത്ര നടത്തേണ്ടത്.
ദേശീയപാതയിലെ ഗതാഗത വേഗത നിലനിർത്തുന്നതിനും പ്രാദേശിക യാത്രകൾക്കുള്ള വാഹനങ്ങൾ മെയിൻ ക്യാരേജിൽ നിന്ന് ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ദീർഘദൂര യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് സർവീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്.
സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, മിന്നൽ, ഡീലക്സ് തുടങ്ങിയ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്ക് ആറുവരി ദേശീയപാതയുടെ പ്രധാന പാതയിലൂടെ തന്നെ സർവീസ് നടത്താം. ഇതുവഴി ദീർഘദൂര സർവീസുകൾക്ക് യാത്രാസമയം കുറയ്ക്കാനും തടസ്സമില്ലാതെ സഞ്ചരിക്കാനും സാധിക്കും.
അതേസമയം, പുതിയ നിർദേശം ലംഘിച്ച് സാധാരണ റൂട്ട് ബസുകൾ ആറുവരി പാതയിൽ സർവീസ് നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനൊപ്പം ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
Comments ()