‘ഇത് സുകുമാരക്കുറുപ്പല്ല’; പ്രചരിച്ച ചിത്രം മലേഷ്യയിലെ ദാമോദര മേനോന്റേതെന്ന് കുടുംബം
വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോൻ ഏകദേശം 40 വർഷം മുമ്പാണ് ജോലി തേടി മലേഷ്യയിലേക്ക് പോയത്. പിന്നീട് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് അവിടെ കുടുംബസമേതം താമസമാക്കുകയായിരുന്നു
തൃശൂർ: ഏറെക്കാലമായി ദുരൂഹമായി തുടരുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാസ്‌പോർട്ട് ചിത്രത്തിൽ പുതിയ പുതിയ ട്വിസ്റ്റ്. ചിത്രത്തിലുള്ളത് സുകുമാരക്കുറുപ്പല്ലെന്നും മലേഷ്യയിൽ താമസിക്കുന്ന തങ്ങളുടെ സഹോദരൻ ദാമോദര മേനോനാണെന്നും ദാമോദര മേനോന്റെ കുടുംബം വ്യക്തമാക്കി.
വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോൻ ഏകദേശം 40 വർഷം മുമ്പാണ് ജോലി തേടി മലേഷ്യയിലേക്ക് പോയത്. പിന്നീട് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് അവിടെ കുടുംബസമേതം താമസമാക്കുകയായിരുന്നു. മലേഷ്യൻ പൗരത്വം നേടിയിട്ടുള്ള അദ്ദേഹം നാട്ടിലുള്ള ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനും പറഞ്ഞു.
അടുത്തിടെയും ദാമോദരൻ നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ വിശദീകരണം. നിലവിൽ അപകടത്തിൽ പരിക്കേറ്റ് മലേഷ്യയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ആരോഗ്യനില മോശമായതിനാൽ കിടപ്പിലാണെന്നും കുടുംബം അറിയിച്ചു.
സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിൽ ദാമോദര മേനോന്റെ ചിത്രം പ്രചരിപ്പിക്കുന്നത് കുടുംബത്തെ ഏറെ വേദനിപ്പിച്ചതായും ബന്ധുക്കൾ പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.
കേസിൽ വർഷങ്ങളായി തുടരുന്ന ദുരൂഹതകൾക്കിടെയാണ് പാസ്‌പോർട്ട് ചിത്രവുമായി ബന്ധപ്പെട്ട ഈ പുതിയ അവകാശവാദം പുറത്തുവരുന്നത്.
Comments ()