ബാനറും കൊടിയും വേണ്ട; ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം

ആശുപത്രി ഭരണസമിതിയുടെ മേൽനോട്ടത്തിൽ, നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചുള്ള കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെയാകും ഭക്ഷണം ലഭ്യമാക്കുക. ഇതിലൂടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ക്രമവും സുതാര്യതയും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ

ബാനറും കൊടിയും വേണ്ട; ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം

സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് ഏകീകൃത മാതൃക കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ആരംഭിക്കാനാണ് സർക്കാർ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം ആലപ്പുഴ മെഡിക്കൽ കോളേജിൽ നടപ്പാക്കുമെന്നും വിജയകരമായാൽ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രി വളപ്പിൽ സംഘടനകളുടെ ബാനറുകളും കൊടികളും സ്ഥാപിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന നിലവിലെ രീതി ഇനി അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പകരം ആശുപത്രി ഭരണസമിതിയുടെ മേൽനോട്ടത്തിൽ, നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചുള്ള കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെയാകും ഭക്ഷണം ലഭ്യമാക്കുക. ഇതിലൂടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ക്രമവും സുതാര്യതയും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.

ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തെക്കുറിച്ചുള്ള മുൻമന്ത്രി ജി. സുധാകരന്റെ പ്രതികരണം അടുത്തിടെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സൗജന്യ ഭക്ഷണ വിതരണത്തിന്റെ രീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വിവാദമായതോടെ പിന്നീട് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും നിലപാട് മയപ്പെടുത്തുകയും ചെയ്തു. അതിന് പിന്നാലെയാണ് പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയുടെ പ്രഖ്യാപനത്തിന് രാഷ്ട്രീയ തലത്തിലും വിവിധ വിലയിരുത്തലുകളാണ് ഉയരുന്നത്. ആശുപത്രികളിൽ വിവിധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണത്തിന് പകരമായി സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനം നടപ്പാക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗുണമേന്മയുള്ള ഭക്ഷണം തടസ്സമില്ലാതെ ലഭ്യമാക്കുക മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ ആവർത്തിക്കുന്നു.