സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരമില്ല;വിവാദം രാഷ്ട്രീയമായി മുതലെടുത്ത് വി ഡി സതീശൻ

വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സർക്കാരിന്റെ നിർദേശത്തോടെയാണ് ശക്തമായത്. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും 'ഹർ ഘർ തിരംഗ' പരിപാടികളിലും ഗാനത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു

സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരമില്ല;വിവാദം രാഷ്ട്രീയമായി മുതലെടുത്ത് വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കാതിരുന്നത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തും ഗാനം ആലപിച്ച സാഹചര്യത്തിലാണ് കേരളത്തിന്റെ വ്യത്യസ്ത നിലപാട് ശ്രദ്ധേയമായത്. അതേസമയം, തിരുവനന്തപുരത്തെ കോൺഗ്രസ് ആസ്ഥാനത്ത് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമാണ് ആലപിച്ചത്.

വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സർക്കാരിന്റെ നിർദേശത്തോടെയാണ് ശക്തമായത്. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും 'ഹർ ഘർ തിരംഗ' പരിപാടികളിലും ഗാനത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് കേരളത്തിലെ സർക്കാർ ചടങ്ങിൽ ഗാനം എങ്ങനെ അവതരിപ്പിക്കുമെന്നതിൽ നേരത്തെ തന്നെ രാഷ്ട്രീയ ശ്രദ്ധയുണ്ടായിരുന്നു.

അതേസമയം, വന്ദേമാതരം വിഷയത്തിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് തങ്ങളുടെ രാഷ്ട്രീയ ആരോപണങ്ങൾക്ക് തിരിച്ചടിയായെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. യുഡിഎഫ് സർക്കാർ ബിജെപിയോട് അടുക്കുകയാണെന്ന എൽഡിഎഫിന്റെ ആരോപണങ്ങൾക്കിടെയാണ് ഔദ്യോഗിക ചടങ്ങിൽ ഗാനം പൂർണമായി ഒഴിവാക്കിയത്. നേരത്തെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ചതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. അന്ന് സംഭവത്തെക്കുറിച്ച് തനിക്കോ സഹപ്രവർത്തകർക്കോ അറിവുണ്ടായിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ വന്ദേമാതരം ആലപിച്ചപ്പോൾ കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന തുടങ്ങിയ കോൺഗ്രസ് സർക്കാരുകളും ഗാനത്തിന്റെ മുഴുവൻ വരികളും ഉൾപ്പെടുത്തി സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി. എന്നാൽ കേരളം സ്വീകരിച്ച വ്യത്യസ്ത നിലപാട് മുഖ്യമന്ത്രി വി ഡി സതീശന്റെ മതേതര രാഷ്ട്രീയ പ്രതിച്ഛായ കൂടുതൽ ഉറപ്പിക്കുന്ന നീക്കമായാണ് കോൺഗ്രസിലെ ഒരു വിഭാഗം കാണുന്നത്.