പ്രവാസികൾക്കായി നോർക്ക പ്രവാസി ഐഡി കാർഡ്: യോഗ്യത, അപേക്ഷാ മാർഗം, ആനുകൂല്യങ്ങൾ അറിയാം
വിദേശ രാജ്യങ്ങളിൽ ആറു മാസത്തിലധികം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70 നും ഇടയിലുള്ള പ്രവാസി കേരളീയർക്കാണ് ഈ ഐഡി കാർഡിന് അപേക്ഷിക്കാനാവുക. കാർഡിന്റെ കാലാവധി മൂന്ന് വർഷമാണ്.
തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് നൽകുന്ന നോർക്ക പ്രവാസി ഐഡി കാർഡിന്റെ യോഗ്യതയും അപേക്ഷാ നടപടികളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിൽ ആറു മാസത്തിലധികം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70 നും ഇടയിലുള്ള പ്രവാസി കേരളീയർക്കാണ് ഈ ഐഡി കാർഡിന് അപേക്ഷിക്കാനാവുക. കാർഡിന്റെ കാലാവധി മൂന്ന് വർഷമാണ്.
ഫീസ് 408 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അപകടമരണത്തിന് അഞ്ച് ലക്ഷം രൂപ വരെയും അംഗവൈകല്യങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയിലൂടെ ലഭിക്കും. നോർക്ക റൂട്ട്സ് വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷയ്ക്കാവശ്യമായ രേഖകൾ
പാസ്‌പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, വിലാസ പേജ്, വിസാ പേജ് / ഇക്കാമ / വർക്ക് പെർമിറ്റ് / റെസിഡന്റ് പെർമിറ്റ് എന്നിവയുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ JPEG അല്ലെങ്കിൽ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ അംഗീകരിച്ചാൽ ഇ-കാർഡ് വാട്ട്‌സ്ആപ്പ്, ഇമെയിൽ വഴി ലഭ്യമാകും.
പ്രധാന പ്രത്യേകതകൾ
ഐഡി കാർഡുകളും ഇൻഷുറൻസ് രേഖകളും ഇനി പൂർണമായും ഡിജിറ്റൽ രൂപത്തിൽ (ഇ-കാർഡ്) മാത്രമായിരിക്കും ലഭിക്കുക. സാധുവായ വിസയുള്ളവർക്ക് കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം മുൻപ് കാർഡ് പുതുക്കാം.
നോർക്ക പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ് എന്നിവ ഉള്ളവർക്ക് മാത്രമാണ് നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നീ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അപേക്ഷിക്കാനാവുക.
സംസ്ഥാനത്തെ വിവിധ റവന്യൂ സേവനങ്ങൾക്കും ബിഎസ്‌സി നഴ്‌സിങ് എൻആർഐ സീറ്റ് പ്രവേശനത്തിനുള്ള സ്‌പോൺസർ തിരിച്ചറിയൽ രേഖയായും ഈ കാർഡ് അംഗീകരിച്ചിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് വ്യക്തമാക്കി.
2008 മുതൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെ ഏകദേശം 10.5 ലക്ഷം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസി കേരളീയരുടെ വിവരശേഖരണത്തിനും സേവനങ്ങൾ ഏകോപിപ്പിക്കാനുമാണ് ഐഡി കാർഡ് സംവിധാനം സഹായകരമാകുന്നത്.
Comments ()