ലക്ഷദ്വീപിലേക്ക് ഇനി സീ പ്ലെയിനിൽ പറക്കാം; പുതിയ സർവീസിന് തുടക്കം

ഉദ്ഘാടനത്തിന് പിന്നാലെ തിങ്കളാഴ്ച മുതൽ സ്ഥിരം സർവീസ് ആരംഭിക്കുമെന്നാണ് സൂചന. ലക്ഷദ്വീപിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനും ദ്വീപുകളിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനുമാണ് പുതിയ സർവീസ് ആരംഭിക്കുന്നത്

ലക്ഷദ്വീപിലേക്ക് ഇനി സീ പ്ലെയിനിൽ പറക്കാം; പുതിയ സർവീസിന് തുടക്കം

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്ന സീ പ്ലെയിൻ സർവീസിന് തുടക്കമാകുന്നു. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് രാജ്യത്തെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള സീ പ്ലെയിൻ സർവീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടനത്തിന് പിന്നാലെ തിങ്കളാഴ്ച മുതൽ സ്ഥിരം സർവീസ് ആരംഭിക്കുമെന്നാണ് സൂചന. ലക്ഷദ്വീപിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനും ദ്വീപുകളിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനുമാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

സർവീസിനായി കാനഡയിൽ നിർമ്മിച്ച 'വൈക്കിങ് DHC-6 400 ട്വിൻ ഓട്ടർ' സീ പ്ലെയിനാണ് ഉപയോഗിക്കുന്നത്. ഒരേസമയം 20 യാത്രക്കാർക്ക് യാത്ര ചെയ്യാനാകുന്ന വിമാനത്തിന് ഏകദേശം 45 മുതൽ 50 മിനിറ്റ് വരെയാണ് യാത്രാസമയം.

ആദ്യഘട്ടത്തിൽ അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചായിരിക്കും സർവീസ് നടത്തുക. പരീക്ഷണ പറക്കലുകളും ഈ റൂട്ടുകളിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

സ്‌കൈഹോപ്പ് കമ്പനിക്കാണ് സർവീസ് നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമെ കുമരകത്തേക്കും സീ പ്ലെയിൻ സർവീസ് നടത്താൻ കമ്പനിക്ക് അനുമതിയുണ്ട്. പദ്ധതിയുടെ സാധ്യതാപഠനം നടത്തിയത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ (CIAL) ആണ്.