ഗണേഷ് കുമാർ രാജിവെക്കണം; എൻഎസ്എസ് നേതൃത്വത്തിന് പിന്തുണയുമായി കൊട്ടാരക്കര യൂണിയൻ
ജി. തങ്കപ്പൻ പിള്ള അവതരിപ്പിച്ച പ്രമേയത്തിലാണ് ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ആർ. ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എൻഎസ്എസ് നൽകിയ പിന്തുണയും സഹായവും മറന്നുകൊണ്ടാണ് ഇപ്പോഴത്തെ വിമർശനങ്ങളെന്ന് യൂണിയൻ കുറ്റപ്പെടുത്തി
കൊട്ടാരക്കര: എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി കെബി ഗണേഷ് കുമാർ നടത്തിയ വിമർശനങ്ങളിൽ പ്രതിഷേധിച്ച് കൊട്ടാരക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രമേയം പാസാക്കി. സംഘടനയെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ വ്യക്തമാക്കി.
ജി. തങ്കപ്പൻ പിള്ള അവതരിപ്പിച്ച പ്രമേയത്തിലാണ് ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ആർ. ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എൻഎസ്എസ് നൽകിയ പിന്തുണയും സഹായവും മറന്നുകൊണ്ടാണ് ഇപ്പോഴത്തെ വിമർശനങ്ങളെന്ന് യൂണിയൻ കുറ്റപ്പെടുത്തി. ബാലകൃഷ്ണപിള്ള അഴിമതിക്കേസിൽ ജയിലിലായിരുന്ന ഘട്ടത്തിൽ സുകുമാരൻ നായരുടെ ഇടപെടൽ അദ്ദേഹത്തിന് ആശ്വാസമായിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിലും സുകുമാരൻ നായർ നിർണായക ഇടപെടൽ നടത്തിയിരുന്നുവെന്നാണ് യൂണിയന്റെ വാദം. ബാലകൃഷ്ണപിള്ളയ്ക്ക് താൽപര്യമില്ലാതിരുന്ന സാഹചര്യത്തിലും മന്ത്രിസ്ഥാനം ലഭ്യമാക്കാൻ സുകുമാരൻ നായർ ഇടപെട്ടുവെന്നും പ്രമേയത്തിൽ ആരോപിച്ചു.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന കാലയളവിലെ ഗണേഷ് കുമാറിന്റെ നിലപാടുകളെയും യൂണിയൻ വിമർശിച്ചു. സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണവും ഉയർത്തി. പത്തനാപുരം തിരഞ്ഞെടുപ്പിലെ പരാജയത്തിന് ഇത്തരം നിലപാടുകൾ കാരണമായെന്ന പൊതുസമൂഹത്തിന്റെ വിലയിരുത്തലുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
പത്തനാപുരം താലൂക്ക് യൂണിയന്റെ ഭരണകാര്യങ്ങളിൽ എൻഎസ്എസ് ആസ്ഥാനം ഇടപെടേണ്ടിവന്നതിന്റെ യഥാർഥ സാഹചര്യം ഗണേഷ് കുമാർ തെറ്റായി അവതരിപ്പിക്കുകയാണെന്നും കൊട്ടാരക്കര യൂണിയൻ ആരോപിച്ചു.
എൻഎസ്എസ് നേതൃത്വത്തെ നിരന്തരം വിമർശിക്കുന്ന ഗണേഷ് കുമാർ സംഘടനയുടെ കരയോഗത്തിൽ തുടരുന്നത് ഉചിതമല്ലെന്നും അംഗത്വം രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എൻഎസ്എസ് നേതൃത്വത്തിനും ജി. സുകുമാരൻ നായർക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും യൂണിയൻ അറിയിച്ചു.
എൻഎസ്എസിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ വ്യക്തമാക്കി.
Comments ()