ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും
ശബരിമലയിൽ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യുന്നതിൽ ഏജൻസികളുടെ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യുന്നതിന് ഇനിമുതൽ ദർശനത്തിന് ബുക്ക് ചെയ്തവർക്ക് മാത്രം അനുമതി നൽകാൻ തീരുമാനം. ബുക്കിങ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ഒ.ടി.പി ഉൾപ്പെടെയുള്ള കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സ്പെഷ്യൽ കമ്മിഷണർ ഉടൻ തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.
നിലവിൽ ഒരാൾക്ക് എത്ര മുറികൾ വേണമെങ്കിലും ബുക്ക് ചെയ്യാൻ സാധിക്കുന്ന അവസ്ഥയാണുള്ളത്. തുലാമാസ പൂജയോടനുബന്ധിച്ച് ഓൺലൈൻ വഴി ലഭ്യമാക്കിയ 400 മുറികളും ഏജൻസികൾ കൂട്ടത്തോടെ കയ്യടക്കിയതായി ആക്ഷേപമുയർന്നിരുന്നു. ഓൺലൈൻ ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം മുറികളെല്ലാം തീർന്നത് വലിയ ദുരൂഹതയ്ക്ക് വഴിതുറന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് വിഷയത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
Comments ()