ഖരീഫ് കാണാൻ സലാലയിലെത്തുന്നവർക്ക് പുതിയ അനുഭവം; 'സലാല ഐ' പ്രവർത്തനമാരംഭിച്ചു

ഖരീഫ് ആഘോഷിക്കാൻ ഒമാനിലെ സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി നഗര ഭംഗിയും അറബിക്കടലിന്റെ ആകാശക്കാഴ്ചയും ആസ്വദിക്കാൻ പുതിയ വിസ്മയമൊരുങ്ങി.

ഖരീഫ് കാണാൻ സലാലയിലെത്തുന്നവർക്ക് പുതിയ അനുഭവം; 'സലാല ഐ' പ്രവർത്തനമാരംഭിച്ചു

ഖരീഫ് സീസണിൽ ഒമാനിലെ സലാലയിലെത്തുന്ന സഞ്ചാരികൾക്കായി നഗരഭംഗിയും അറബിക്കടലിന്റെ ദൃശ്യങ്ങളും ആസ്വദിക്കാൻ 'സലാല ഐ' എന്ന പുതിയ ഭീമൻ ചക്രം തുറന്നുകൊടുത്തു. ദുബായിലെയും ലണ്ടനിലെയും ഭീമൻ ചക്രങ്ങൾക്ക് സമാനമായി അൽ ഹാഫ ബീച്ചിൽ 55 മീറ്റർ ഉയരത്തിൽ അൽ സൂറൂഹ് ഗ്രൂപ്പാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സലാല സിറ്റി സെന്ററിൽ നിന്ന് 8 മിനിറ്റ് യാത്ര ചെയ്തും വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചും ഇവിടെയെത്താം. ഖരീഫ് സീസൺ അവസാനിക്കുന്ന സെപ്റ്റംബർ 21 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ സലാല ഐ പ്രവർത്തിക്കും.

മഴയിലും സുരക്ഷിതമായി പ്രവർത്തിക്കുന്ന, തണുത്ത കാറ്റും കുന്തിരിക്ക സുഗന്ധവുമുള്ള 30 ക്ലൈമറ്റ്-കൺട്രോൾഡ് കാബിനുകളാണ് ഇതിലുള്ളത്. ഒരേസമയം 180 പേർക്ക് കയറാവുന്ന ഈ ഭീമൻ ചക്രത്തിന്റെ ഒരു റൊട്ടേഷന് 8 മുതൽ 12 മിനിറ്റ് വരെ സമയമെടുക്കും. ഭിന്നശേഷി സൗഹൃദമായ ഒരു കാബിനിൽ 6 പേർക്ക് വരെ യാത്ര ചെയ്യാം. ഒരാൾക്ക് 7 ഒമാനി റിയാലും, 6 പേരുടെ ഫാമിലി കാബിന് 28 ഒമാനി റിയാലുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് 15% ഇളവോടെ 6 റിയാലിന് ടിക്കറ്റ് ലഭിക്കും. വിശേഷ ദിവസങ്ങൾക്കായി കാബിനുകൾ പൂർണ്ണമായും റിസർവ് ചെയ്യാനും salalaheye.om എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ വാങ്ങാനും സൗകര്യമുണ്ട്.