ഓണപ്പരീക്ഷ മാറ്റില്ല; ഓഗസ്റ്റ് 13ന് തന്നെ ആരംഭിക്കും

ഓഗസ്റ്റ് 13ന് ആരംഭിക്കുന്ന പരീക്ഷകൾ 20ന് പൂർത്തിയാക്കും. തുടർന്ന് ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷം നടക്കുകയും അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും ചെയ്യും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് അധ്യയനം പുനരാരംഭിക്കുക.

ഓണപ്പരീക്ഷ മാറ്റില്ല; ഓഗസ്റ്റ് 13ന് തന്നെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഈ വർഷത്തെ ഓണപ്പരീക്ഷകൾ നിശ്ചയിച്ച തീയതിയിൽ തന്നെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. മഴയും പ്രളയസാഹചര്യവും നിലനിൽക്കുന്ന സാഹചര്യത്തിലും പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

ഓഗസ്റ്റ് 13ന് ആരംഭിക്കുന്ന പരീക്ഷകൾ 20ന് പൂർത്തിയാക്കും. തുടർന്ന് ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷം നടക്കുകയും അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും ചെയ്യും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് അധ്യയനം പുനരാരംഭിക്കുക.

പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയോ മറ്റ് കാരണങ്ങളാൽ പരീക്ഷ നടത്താൻ കഴിയാതിരിക്കുകയോ ചെയ്താൽ, ആ ദിവസത്തേക്ക് നിശ്ചയിച്ച പരീക്ഷ പിന്നീട് നടത്താനാണ് തീരുമാനം. ഓണാവധിക്ക് ശേഷം പരീക്ഷ പൂർത്തിയാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായതോടെ ഓണപ്പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയ്ക്ക് പുറമെ സെൻസസ് ഡ്യൂട്ടി ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ പാഠഭാഗങ്ങൾ പൂർണമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ പരീക്ഷകൾ സെപ്റ്റംബറിലേക്ക് മാറ്റണമെന്നായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം.

എന്നാൽ ഓണപ്പരീക്ഷ കൂടി നീട്ടുന്നത് സ്കൂളുകളുടെ അക്കാദമിക് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. മഴക്കെടുതിയെ തുടർന്ന് ഇതിനകം തന്നെ നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ പരീക്ഷ മാറ്റുന്നത് അക്കാദമിക് കലണ്ടറിന്റെ തുടർക്രമത്തെ ബാധിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇതോടെയാണ് നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. കാലാവസ്ഥാ സാഹചര്യം കൂടുതൽ രൂക്ഷമാകുന്ന പക്ഷം പ്രാദേശികമായി ആവശ്യമായ ക്രമീകരണങ്ങൾ പരിഗണിക്കുമെന്നാണ് സൂചന.