സൗദിയിൽ ലേബർ ക്യാമ്പിൽ മദ്യപിച്ചുള്ള തർക്കം: മലയാളിക്ക് കുത്തേറ്റു, വർക്കല സ്വദേശി കസ്റ്റഡിയിൽ
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന് സമീപമുള്ള നാബിയയില്‍ കമ്പനി താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തെയും സംഘർഷത്തെയും തുടർന്ന് മലയാളിക്ക് കുത്തേറ്റു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിക്കാണ് ഒപ്പം ജോലി ചെയ്യുന്ന വര്‍ക്കല സ്വദേശിയുടെ കത്തികൊണ്ടുള്ള കുത്തേറ്റത്. ഇരുവരും കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരാണ്.
മദ്യപിച്ചെത്തിയ വര്‍ക്കല സ്വദേശി രാത്രി വൈകിയും റൂമിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ബഹളം വെക്കുകയുമായിരുന്നു. ആറുപേരടങ്ങിയ റൂമിൽ വെച്ച് ഈ അതിക്രമത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രശ്നം അക്രമത്തിൽ കലാശിച്ചത്. മൂന്ന് പേരെ തല്ലിയ പ്രതി പൊടുന്നനെ മാരകായുധവുമായി ആക്രമിക്കാൻ എത്തുകയായിരുന്നുവെന്ന് പരിക്കേറ്റയാൾ പറഞ്ഞു.
തടയാൻ ശ്രമിച്ച കൂട്ടുകാരുമായി പിടിവലി നടക്കുന്നതിനിടെ നിലത്തു വീണ പ്രതി അവിടെ വെച്ചാണ് കത്തികൊണ്ട് കുത്തിയത്. കാലിന്‍റെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റതിനെ തുടർന്ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അതിക്രമം നടത്തിയ വര്‍ക്കല സ്വദേശിയെ കമ്പനി അധികൃതരെത്തി പൊലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ മന്‍സൂര്‍ നൈന പരിക്കേറ്റയാൾക്ക് ആവശ്യമായ നിയമ സഹായങ്ങളുമായി രംഗത്തുണ്ട്.
Comments ()