സംസ്ഥാനത്ത് 'ഓപ്പറേഷൻ സൗന്ദര്യ': 9.64 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി മന്ത്രി കെ. മുരളീധരൻ
സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ 'ഓപ്പറേഷൻ സൗന്ദര്യ'യിൽ 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടി.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി ഇതുവരെ 9.64 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടിയതായി ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ അവസാനവാരത്തോടെ പദ്ധതിയുടെ നാല് ഘട്ടങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കനുസരിച്ച്, ഒന്നാം ഘട്ടത്തിൽ 5,09,303 രൂപയുടെയും രണ്ടാം ഘട്ടത്തിൽ 2.50 ലക്ഷം രൂപയുടെയും മൂന്നാം ഘട്ടത്തിൽ 1.50 ലക്ഷം രൂപയുടെയും നാലാം ഘട്ടത്തിൽ 55,000 രൂപയുടെയും വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കോസ്‌മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ നിർമ്മാണ ലൈസൻസുകളില്ലാതെ വിതരണം ചെയ്തതുമായ വസ്തുക്കളാണ് ഇവയിൽ ഭൂരിഭാഗവും.
കൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ പരിശോധിച്ചപ്പോൾ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായ അളവിലും കൂടുതലായി മെർക്കുറിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഫേസ് ക്രീമുകളിൽ പരമാവധി 1 പിപിഎം (പാർട്സ് പെർ മില്ല്യൺ) മെർക്കുറി മാത്രമാണ് അനുവദനീയമായിട്ടുള്ളതെന്നിരിക്കെ, വിപണിയിൽ നിന്ന് പിടിച്ചെടുത്ത പാകിസ്ഥാൻ നിർമ്മിത ഫൈസ, ഗോറി എന്നീ ക്രീമുകളിൽ 20,000 പിപിഎം വരെ ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തി. യാതൊരുവിധ പർച്ചേസ് ബില്ലുകളുമില്ലാതെ വിപണിയിലെത്തുന്ന ഇത്തരം ക്രീമുകൾ ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ഇവ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
Comments ()