ബിഹാറില്‍ വന്‍ നടപടി: വ്യാജ സര്‍ട്ടിഫിക്കറ്റ് അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ്; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കും
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പറ്റ്‌ന: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നിയമനം നേടിയവരാണ് നടപടി നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി അറിയിച്ചു. വിജിലന്‍സ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പറ്റ്‌നയില്‍ നിന്നുള്ള ഈ കൂട്ടപ്പിരിച്ചുവിടല്‍ ഉത്തരവ്.
ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് പുറമെ, കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും സര്‍വീസിലിരുന്ന കാലയളവില്‍ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും പലിശ സഹിതം ഈടാക്കാനും ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഉപയോഗിച്ച് വലിയ തോതിലുള്ള ക്രമക്കേടുകളാണ് നിയമനങ്ങളില്‍ നടന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഇതിനകം തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ട ഈ കേസില്‍, നിലവിലെ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. അഴിമതിക്കെതിരെയുള്ള 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായാണ് ഈ കടുത്ത നടപടിയെന്നും ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി.
Comments ()