"സ്വിഗ്ഗിയും സൊമാറ്റോയും ഇനി വേണ്ട!" ബെംഗളൂരുവിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഹോട്ടലുടമകൾ

ആപ്പുകൾ ഈടാക്കുന്ന അമിത കമ്മീഷൻ, അനാവശ്യ ഡിസ്കൗണ്ടുകൾ, ഏകപക്ഷീയമായ നടപടികൾ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

"സ്വിഗ്ഗിയും സൊമാറ്റോയും ഇനി വേണ്ട!" ബെംഗളൂരുവിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഹോട്ടലുടമകൾ

അമിതമായ കമ്മീഷനും നിര്‍ബന്ധിത ഡിസ്‌കൗണ്ടുകളും മൂലം പ്രതിസന്ധിയിലായ ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുടമകള്‍ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ബഹിഷ്‌കരിക്കാന്‍ തീരുമാനം. ഭക്ഷണത്തിന്റെ ഗുണനിലവാര പ്രശ്‌നമല്ല, മറിച്ച് ഡെലിവറി ആപ്പുകള്‍ ഈടാക്കുന്ന ഭീമമായ കമ്മീഷനും വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കുന്ന ഡിസ്‌കൗണ്ട് നയങ്ങളുമാണ് ഈ നീക്കത്തിന് പിന്നില്‍. അസോസിയേഷന്റെ ആവശ്യങ്ങള്‍ ഓഗസ്റ്റ് 15-നകം അംഗീകരിച്ചില്ലെങ്കില്‍ സ്വിഗ്ഗി, സൊമാറ്റോ വഴിയുള്ള വിതരണം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് റെസ്റ്റോറന്റ് അസോസിയേഷനുകള്‍ മുന്നറിയിപ്പ് നല്‍കി.

കെട്ടിട വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം എന്നിവ മൂലം ഹോട്ടല്‍ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോള്‍, ഡെലിവറി ആപ്പുകള്‍ ഈടാക്കുന്ന തുക തങ്ങളെ വന്‍ നഷ്ടത്തിലേക്ക് തള്ളിയിടുകയാണെന്ന് അസോസിയേഷനുകള്‍ വ്യക്തമാക്കുന്നു.

കൂടാതെ, റെസ്റ്റോറന്റുകളുടെ അനുവാദമില്ലാതെ പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അനാവശ്യ ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും ഭാരം ഹോട്ടലുടമകളുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നും പരാതിയുണ്ട്. വ്യക്തമായ സമ്മതമില്ലാതെ പ്രൊമോഷണല്‍ ക്യാമ്പെയ്‌നുകള്‍ക്കായും പരസ്യങ്ങള്‍ക്കായും ഹോട്ടലുകളുടെ വരുമാനത്തില്‍ നിന്ന് പണം ഈടാക്കുന്നുവെന്നും ഹോട്ടലുടമകള്‍ പറയുന്നു.