ബസുകളിൽ ഇനി കാർഗോയും; ടിക്കറ്റിതര വരുമാനം കൂട്ടാൻ തമിഴ്‌നാട് സർക്കാർ, പദ്ധതിക്ക് തുടക്കം കുറിച്ചു

തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വരുമാനം കൂട്ടാൻ പുതിയ നീക്കം

ബസുകളിൽ ഇനി കാർഗോയും; ടിക്കറ്റിതര വരുമാനം കൂട്ടാൻ തമിഴ്‌നാട് സർക്കാർ, പദ്ധതിക്ക് തുടക്കം കുറിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ വരുമാനം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ ബസുകള്‍ വഴി പാഴ്‌സല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് ആരംഭിക്കുന്നു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒഴികെയുള്ള ഏഴ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ മുഴുവന്‍ ബസുകളിലും കാര്‍ഗോ സൗകര്യം ലഭ്യമാക്കും. പദ്ധതിക്ക് മുന്നോടിയായി ബസുകളില്‍ സജ്ജീകരിച്ച പ്രത്യേക കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റുകള്‍ ഗതാഗത വകുപ്പ് മന്ത്രി എ. വിജയ് തമിഴന്‍ പാര്‍ത്ഥിപന്‍ പരിശോധിച്ചു.

മുഖ്യമന്ത്രി വിജയ്‌യുടെ നിര്‍ദേശപ്രകാരമാണ് തമിഴ്നാട്ടില്‍ ബസുകള്‍ വഴിയുള്ള പാഴ്‌സല്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. സംസ്ഥാനത്തെ 317 ഡിപ്പോകളിലായി 26 മേഖലകളിലായി 21,515 ബസുകളാണ് പ്രതിദിനം സര്‍വീസ് നടത്തുന്നത്. ദിവസേന ഏകദേശം 2.02 കോടി ആളുകള്‍ ആശ്രയിക്കുന്ന ഈ ശൃംഖല വഴി കാര്‍ഗോ സേവനം ആരംഭിക്കുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത് കോര്‍പ്പറേഷനുകളുടെ ടിക്കറ്റിതര വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കും.

ചെന്നൈയിലെ സെന്‍ട്രല്‍ ഇലക്ട്രിക് ബസ് ഡിപ്പോ - 1 സന്ദര്‍ശിച്ച ഗതാഗത വകുപ്പ് മന്ത്രി എ. വിജയ് തമിഴന്‍ പാര്‍ത്ഥിപന്‍ ബസുകളിലെ പ്രത്യേക കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റുകള്‍ പരിശോധിച്ചു. കമ്പാര്‍ട്ട്‌മെന്റുകളുടെ രൂപകല്‍പ്പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ, ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി നിര്‍മാണത്തിലിരിക്കുന്ന സെന്‍ട്രല്‍ ഇലക്ട്രിക് ബസ് ഡിപ്പോ - 2ന്റെ പുരോഗതിയും നേരിട്ടെത്തി പരിശോധിച്ചു.