കാമുകിയെ കാണാൻ അതിർത്തി കടന്നെത്തിയ പാക് യുവാവിനെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു

മേയ് 31-നായിരുന്നു കശ്മീരിലെ ബാരാമുള്ള ജില്ലയിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്.

കാമുകിയെ കാണാൻ അതിർത്തി കടന്നെത്തിയ പാക് യുവാവിനെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനും കുടുംബത്തിന്റെ പൂര്‍വ്വിക സ്വത്ത് സ്വന്തമാക്കാനുമായി നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീര്‍ സ്വദേശിയായ 22-കാരനെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചു. സീഷാന്‍ മീര്‍ എന്ന യുവാവിനെയാണ് ജൂലൈ 4 ശനിയാഴ്ച ഉച്ചയ്ക്ക് 12:24-ഓടെ ഉറി സെക്ടറിലെ കമാന്‍ അമന്‍ സേതുവില്‍ വെച്ച് പാക് സൈന്യത്തിന് ഔദ്യോഗികമായി കൈമാറിയത്. കഴിഞ്ഞ മേയ് 31-നായിരുന്നു കശ്മീരിലെ ബാരാമുള്ള ജില്ലയിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്.

കുടുംബം പുലര്‍ത്താനുള്ള സാമ്പത്തിക ബാധ്യതകളും നിരന്തരമായ മാനസിക സമ്മര്‍ദ്ദങ്ങളും കാരണം ബുദ്ധിമുട്ടിയിരുന്ന സീഷാന്‍ മീര്‍, സ്‌നാപ്ചാറ്റ് വഴിയാണ് ബാരാമുള്ളയിലെ തുല്‍വാരി ഗ്രാമവാസിയായ ഇറും ബാനോ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സംഭാഷണങ്ങള്‍ക്കിടയിലാണ് ഇറും ബാനോ നിലവില്‍ താമസിക്കുന്ന അതേ ഗ്രാമത്തിലായിരുന്നു പണ്ട് സീഷാന്റെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നതെന്ന വിവരം ഇരുവരും തിരിച്ചറിയുന്നത്.

സീഷാന്‍ തന്റെ കടുത്ത കുടുംബപ്രശ്‌നങ്ങള്‍ പങ്കുവെച്ചപ്പോള്‍, അതിര്‍ത്തി കടന്ന് തന്റെ നാട്ടിലേക്ക് പോരാന്‍ ഇറും നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൂര്‍വ്വിക സ്വത്തില്‍ അവകാശവാദം ഉന്നയിക്കാനും കാമുകിയെ നേരില്‍ കാണാനുമായി യുവാവ് അതിര്‍ത്തി കടക്കാന്‍ മുതിര്‍ന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ വെച്ച് തന്നെ ഇന്ത്യന്‍ സൈന്യം ഇയാളെ പിടികൂടുകയും, തുടര്‍ന്ന് മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തി പാകിസ്ഥാന് തിരികെ കൈമാറുകയുമായിരുന്നു.